പത്തനംതിട്ട : സോഷ്യൽ മീഡിയയിലെ സെലിബ്രിറ്റി ദമ്പതികളായ പത്തനംതിട്ട-അടൂർ കരുവാറ്റ പൊൻപ്രഭയിൽ പ്രീണ അനുരാജ്,അനുരാജ് രാജൻ എന്നിവർ 50,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. ഇരുവരും കളക്ടറേറ്റിലെത്തി ജില്ലാ കളക്ടർ പി.ബി നൂഹിന് ചെക്ക് കൈമാറി.സോഷ്യൽ മീഡിയയിലൂടെ വീഡിയോകൾ ചെയ്തു ലഭിക്കുന്ന വരുമാനത്തിൽ നിന്നാണ് സംഭാവന ചെയ്തത്. കൊവിഡ് 19 ബോധവത്ക്കരണ വീഡിയോകൾ ഉൾപ്പെടെ ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രശസ്തരാണ് ഇരുവരും. യൂട്യൂബ് ചാനലായ ഐഎം4യു വിൽ 34,400 സബ്‌സ്‌ക്രൈബേഴ്‌സും ഫെയ്‌സ്ബുക്ക് പേജായ അനുരാജ് ആന്റ് പ്രീണയിൽ 2,59,000 ഫോളോവേഴ്‌സും ടിക്ക്‌ടോക്കിൽ അനുരാജ് രാജൻ, പ്രീണ അനുരാജ് എന്നീ അക്കൗണ്ടുകളിൽ 10 ലക്ഷം വീതം ഫോളോവേഴ്‌സും ഹലോ ആപ്ലിക്കേഷനിലെ അക്കൗണ്ടുകളിലായി 82 ലക്ഷത്തോളം ഫോളോവേഴ്‌സുമാണ് ഇവർക്കുള്ളത്. യൂട്യൂബ്, ഫെയ്‌സ്ബുക്ക് എന്നീ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെയാണ് ഈ ദമ്പതികൾക്ക് കൂടുതലായും വരുമാനം ലഭിക്കുന്നത്. അടൂർ അനശ്വര ജൂവലറിയുടെ ഉടമ കൂടിയാണ് അനുരാജ്.
സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ച വരുമാനത്തിന്റെ ഒരു വിഹിതം അടൂർ യുവത എന്ന സന്നദ്ധ സംഘടനയിലൂടെ അൻപതോളം ഡയാലിസിസ് രോഗികൾക്കായി ധനസഹായം നൽകിയിരുന്നു. തുടർന്നും ഇത്തരം സഹായങ്ങൾ ചെയ്യാൻ താൽപര്യപ്പെടുന്നതായി ദമ്പതികൾ പറഞ്ഞു.