പത്തനംതിട്ട: ആഗ്രഹം സഫലമായതിന്റെ സംതൃപ്തിയിലാണ് മീൻമൂട്ടിക്കൽ പരേതനായ ബാബുരാജിന്റെ ഭാര്യ രമാ ബാബുരാജ്. 'ഗുരു പ്രസാദത്തിന് ഒരു വിഷുക്കൈനീട്ടം' എന്ന പദ്ധതി പ്രകാരം എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ നിർമ്മിച്ചു നൽകിയ 11ാമത് വീടിന്റെ താക്കോൽ രമാബാബുവിന് നൽകി പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ ഉദ്ഘാടനം ചെയ്തു. ലോക് ഡൗൺ കാലത്ത് നിബന്ധനകൾ പാലിച്ചാണ് വീട് നിർമ്മാണം പൂർത്തിയാക്കി താക്കോൽ കൈമാറിയത്.
രമയ്ക്ക് വീടില്ലാത്ത അവസ്ഥ 414ാം നമ്പർ വള്ളിയാനി ശാഖാ ഭാരവാഹികൾ പത്തനംതിട്ട യൂണിയനെ അറിയിച്ചതിനെ തുടർന്നാണ് വീട് നിർമ്മിച്ചത്. കൊവിഡ് നിബന്ധനകൾ പാലിച്ച് ശാഖാ ഭാരവാഹികളും കോൺട്രാക്ടർ വിനോദ് പുളിമൂട്ടിലും നടത്തിയ പരിശ്രമത്തിലാണ് നിർമ്മാണം പൂർത്തിയായത്.
സെക്രട്ടറി ഡി. അനിൽകുമാർ, വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, ശാഖ പ്രസിഡന്റ് എസ് .കെ ഗോപിനാഥൻ, സെക്രട്ടറി കെ. കാർത്തികേയൻ, പി.ആർ ഗിരീഷ്, കോൺട്രാക്ടർ വിനോദ് പുളിമൂട്ടിൽ, സലിംകുമാർ എന്നിവർ താക്കോൽ ദാന ചടങ്ങിൽ പങ്കെടുത്തു.