mask

കൊല്ലം: ലോക്ക് ഡൗണിൽ ജോലിയില്ലാതെ പട്ടിണിയിലേക്ക് നീങ്ങുമ്പോഴും സാമൂഹ്യ പ്രതിബദ്ധതയോടെ തയ്യൽ മെഷീൻ നിറുത്താതെ ചവിട്ടിക്കറക്കുകയാണ് തയ്യൽ തൊഴിലാളികൾ. സർക്കാർ 5 ലക്ഷം മാസ്ക് തുന്നി നൽകാൻ പറഞ്ഞപ്പോൾ ഏഴ് ലക്ഷം തുന്നുകയാണ് തയ്യൽ തൊഴിലാളികളുടെ സംഘടനയായ എ.കെ.ടി.എ (ആൾ കേരള ടെയിലേഴ്സ് അസോസിയേഷൻ). അഞ്ച് ലക്ഷം മാസ്കുകൾ വളരെ കുറഞ്ഞ തുകയ്ക്കും പിന്നീടുള്ള രണ്ട് ലക്ഷം സൗജന്യമായുമാണ് തുന്നി നൽകുന്നത്.

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി മാസ്കിന് കടുത്ത ക്ഷാമം അനുഭവപ്പെട്ട സാഹചര്യത്തിലാണ് തയ്യൽ തൊഴിലാളി ക്ഷേമനിധി ബോ‌ർഡിന് മന്ത്രി ടി.പി. രാമകൃഷ്ണൻ അഞ്ച് ലക്ഷം മാസ്കിന് ഓ‌ർ‌ഡർ നൽകിയത്. തയ്യൽത്തൊഴിലാളി രംഗത്തെ ഏറ്റവും വലിയ സംഘടനയായ എ.കെ.ടി.എ ഒരു മാസ്കിന് 8 രൂപ നിരക്കിൽ ഓർഡർ ഏറ്റെടുക്കുകയായിരുന്നു. തുണിയും തുന്നൽ കൂലിയും സഹിതം ഒരു മാസ്കിന് കുറഞ്ഞത് 9 രൂപയെങ്കിലും ചെലവാകും. ഒരു രൂപ നഷ്ടം സഹിച്ച് അഞ്ച് ലക്ഷം മാസ്കുകൾ തുന്നുമ്പോൾ പിന്നീടുള്ള രണ്ട് ലക്ഷം സ്വന്തം കൈയിൽ നിന്നാണ് മുടക്കുന്നത്.

കൊല്ലം ജില്ലയിലെ സംഘടനാംഗങ്ങളാണ് മാസ്ക് തുന്നൽ കൂടുതൽ ആവശത്തോടെ ഏറ്റെടുത്തത്. സംഘടനയ്ക്ക് സംസ്ഥാനത്ത് മൂന്നരലക്ഷം സജീവ അംഗങ്ങളുണ്ട്. ഇതിൽ 55000 പേർ കൊല്ലത്താണ്. ലോക്ക് ഡോൺ പ്രഖ്യാപിച്ചതോടെ അടച്ച തയ്യൽക്കടകൾ പൊലീസിന്റെ പ്രത്യേക അനുമതിയോടെയാണ് പ്രവർത്തിക്കുന്നത്. നിർമ്മാണത്തിനുള്ള തുണി സംഘടനയുടെ നേതൃത്വത്തിൽ കുണ്ടറയിലെ സ്റ്റിംച്ചിംഗ് ട്രെയിനിംഗ് കോളേജിൽ മെഷീൻ ഉപയോഗിച്ച് മുറിച്ചാണ് വിവിധ സ്ഥലങ്ങളിലെ പ്രവർത്തകർക്ക് എത്തിക്കുന്നത്. തുന്നിയ മാസ്കുകൾ കുണ്ടറയിലെ ട്രെയിനിംഗ് കോളേജിലെത്തിച്ച് പായ്ക്ക് ചെയ്ത് തൊഴിൽ വകുപ്പ് നിദ്ദേശിക്കുന്നിടത്ത് എത്തിക്കും.

............................................

കൊറോണ കൂടുതൽ വ്യാപകമായ കണ്ണൂർ, കാസർകോഡ് ജില്ലകളിൽ ഒഴികെ മറ്റെല്ലായിടത്തെയും പ്രവർത്തകർ സജീവമായി മാസ്ക് തുന്നലിൽ ഏർപ്പെടുന്നുണ്ട്. ഇന്നലെ വൈകിട്ട് രണ്ട് ലക്ഷം മാസ്ക് ഇ.എസ്.ഐ കോർപ്പറേഷന് കൈമാറി

എൻ.സി. ബാബു (എ.കെ.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി)