എഴുകോൺ: ലോക്ക് ഡൗണിൽ നിരാലംബർക്ക് അരി അടക്കമുള്ള ഭക്ഷ്യസാധനങ്ങൾ വീട്ടിലെത്തിച്ച് പ്രവാസിയുടെ കാരുണ്യസ്പർശം. ഈലിയോട് ഇന്ദിര ഭവനിൽ റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥനും പ്രവാസിയുമായ തുളസീധരൻ പിള്ളയാണ് നൂറോളം പേർക്ക് 10 കിലോ അരിയും പലവ്യഞ്ജനങ്ങളും പച്ചക്കറികളും അടങ്ങുന്ന സാധനങ്ങൾ വീട്ടിലെത്തിച്ച് നൽകിയത്. എഴുകോൺ വളായിക്കോട് വാർഡിലെ ഇടയ്ക്കോട് എസ്.സി കോളനി, കാക്കകോട്ടൂർ വാർഡ് എന്നിവിടങ്ങളിലെ നൂറോളം പേർക്കും കരീപ്ര ശരണാലയത്തിലെ അന്തേവാസികൾക്കുമാണ് സാധനങ്ങൾ വാങ്ങി നൽകിയത്. കൊറോണയുടെ പശ്ചാത്തലത്തിലുള്ള നിയന്ത്രണങ്ങളെ തുടർന്ന് തുളസീധരൻ പിള്ളയ്ക്ക് എത്താൻ കഴിയാത്തതിനാൽ നാട്ടിലെ ജനപ്രതിനിധികളാണ് ആവശ്യക്കാർക്ക് സഹായങ്ങളെത്തിച്ചത്. വാർഡുതലത്തിൽ നടന്ന ഭക്ഷ്യധാന്യങ്ങളുടെ വിതരണോദ്ഘാടനം വാർഡ് അംഗങ്ങളായ രേഖാ ഉല്ലാസ്, സതീശൻ എന്നിവർ നിർവഹിച്ചു.