2
സുഭാഷിണിയുടെ നേതൃത്വത്തിൽ തെരുവുനായ്ക്കൾക്ക് ഭക്ഷണം വിളമ്പുന്നു

കൊല്ലം: ലോക്ക് ഡൗണിനെ തുടർന്ന് പട്ടിണിയിലാകുന്ന സഹജീവികൾക്കും സാന്ത്വനത്തിന്റെ കരസ്പർശം നൽകണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനത്തിന് പിന്തുണയേകി കാരുണ്യത്തിന്റെ നിറകുടങ്ങളാകുകയാണ് മുണ്ടയ്ക്കൽ നിവാസിയായ സുഭാഷിണിയും കുടുംബവും. രാജ്യമാകെ കൊവിഡ് 19 വൈറസ് ബാധയെ പ്രതിരോധിക്കുവാൻ വീടുകളിൽ കഴിയുന്ന സാഹചര്യത്തിൽ അന്നമില്ലാതെ തെരുവിൽ അലയുന്ന മുണ്ടയ്ക്കലെയും പരിസര പ്രദേശങ്ങളിലെയും നായ്ക്കൾക്ക് ഭക്ഷണമെത്തിച്ച് വരികയാണ് ഇവർ.

ഇറച്ചിയോ മീനോ കലർത്തിയ ചോറിൽ മഞ്ഞപ്പൊടിയും ചേർത്തുള്ള പ്രത്യേക വിഭവമാണ് ഇതിനായി തയ്യാറാക്കുന്നത്. നഗരസഭാ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥനായ കണ്ണൻ, മക്കളായ അഭിഷേക്, അഭിറാം, അപർണ, മരുമകൻ ലതീഷ് ആർ. പ്രസാദ്, അയൽവാസിയായ പ്രിൻസ്, ഭാര്യ ജാക്വലിൻ എന്നിവരും സുഭാഷിണിയെ സഹായിക്കാൻ കൂടെക്കൂടും. ഉച്ചയ്ക്ക് 12 മണിയോടെ ഭക്ഷണം തയ്യാറാകും. തുടർന്ന് വാഹനത്തിൽ മുണ്ടയ്ക്കലെ വിവിധ പ്രദേശങ്ങളിൽ എത്തിച്ച് വിളമ്പും.

ഇത്തരമൊരു സാഹചര്യത്തിൽ മറ്റ് വഴികളില്ലാതെ വിശന്ന് വലയേണ്ടി വരുന്ന മിണ്ടാപ്രാണികൾക്ക് അന്നമെത്തിക്കേണ്ടത് നമ്മുടെ കടമയാണെന്നാണ് സുഭാഷിണി പറയുന്നത്. കേരളകൗമുദി ഏജന്റ് സുരേഷ് ബാബുവാണ് സുഭാഷിണിയുടെ ഭർത്താവ്.