ലോക്ക് ഡൗൺ കാലത്ത് പട്ടിണിയിലായവർക്ക് ഭക്ഷണം നൽകി മാതൃകയാവുകയാണ് ബോളിവുഡ് നടൻ അലി ഫസൽ. ബാറ്റ്മാനെ പോലെ മുഖം മൂടി ധരിച്ച് കറുത്ത മാസ്‌ക് അണിഞ്ഞാണ് താരം ഭക്ഷണം കൊടുക്കാനായി എത്തിയത്. ഡിസി യൂണിവേഴ്സിറ്റിയിലെ സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് ശേഖരിച്ച ഭക്ഷണമാണെന്നും അഞ്ചാം നമ്പർ പെട്രോൾ പമ്പിനടുത്ത് ഭക്ഷണം ആവശ്യമുള്ള നിരവധി പേരുണ്ടെന്നും , വേറെയാരെങ്കിലും അവിടെയുണ്ടോ എന്നും ചെറുത് വലുത് എന്നൊന്നില്ല എല്ലാ സഹായവും ചെയ്യുക എന്നാണ് താരം തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിനൊപ്പം കുറിച്ചിരിക്കുന്നത്.
'വിജയ്പത്' എന്ന ചിത്രത്തിലെ ഗാനം വച്ച് പാടിക്കൊണ്ട് കാറിൽ പോകുന്ന വീഡിയോയും പോസ്റ്റിനൊപ്പം അലി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ഇതിന്റെ വാർത്ത പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് താരത്തെ അഭിനന്ദിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.
ദൈവം നിങ്ങളെ രക്ഷിക്കും, നല്ല കാര്യം, സുരക്ഷിതനായിരിക്കുക എന്നിങ്ങനെയുള്ള നിരവധി കമന്റുകളാണ് അലി ഫസലിന്റെ പോസ്റ്റിന് ലഭിക്കുന്നത്.നടി റിച്ച ഛദ്ദയുമായുള്ള അലിഫസലിന്റെ പ്രണയവിവാഹം ഏപ്രിലിൽ നടത്താനിരിക്കുകയായിരുന്നു. കൊറോണക്കാലം കഴിഞ്ഞേ ഇനി വിവാഹമുണ്ടാകൂ.