മകൾ നൈസക്കും ഭാര്യയും ബോളിവുഡ് താരവുമായ കജോളിനും കൊറോണ ബാധിച്ചെന്ന റിപ്പോർട്ടുകളോട് പ്രതികരിച്ച് ബോളിവുഡ് സൂപ്പർസ്റ്റാർ അജയ് ദേവ്ഗൺ. ഇരുവരുടെയും ആരോഗ്യം സംബന്ധിച്ചുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് താരം പറഞ്ഞു. അന്വേഷണങ്ങൾക്ക് നന്ദി. കജോളും നൈസയും ഇപ്പോൾ സുഖമായിരിക്കുന്നു. അവരുടെ ആരോഗ്യവമായി ബന്ധപ്പെട്ട് വന്ന വാർത്തകൾ ശരിയല്ലാത്തതും അടിസ്ഥാനരഹിതവുമാണ്. അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് സ്കൂൾ അടച്ചതിനെ തുടർന്ന് മകൾ നൈസ സിംഗപ്പൂരിൽ നിന്ന് തിരിച്ചുവന്നിരുന്നു. മാർച്ച് 20ന് കജോളായിരുന്നു നൈസയെ വിമാനത്താവളത്തിലെത്തി സ്വീകരിച്ചത്. എന്നാൽ, നൈസ പനികാരണം ആശുപത്രിയിലായെന്നും കൊറോണ ലക്ഷണങ്ങൾ കാണിച്ചെന്നും മാർച്ച് 28ന് ഒരു ഒാൺലൈൻ സൈറ്റ് വാർത്ത നൽകുകയായിരുന്നു. അത് മറ്റുചിലരും ഏറ്റെടുത്തതോടെയാണ് മറുപടിയുമായി അജയ് ദേവ്ഗണെത്തിയത്.