എക്സൈസിന് ഇന്നലെ ലഭിച്ച രണ്ട് അപേക്ഷകളും തള്ളി
കൊല്ലം: ബാറുകളും ബിവറേജസും അടച്ചതോടെ മദ്യത്തിനായി സ്ഥിരം മദ്യപാനികളുടെ നെട്ടോട്ടം.
സർക്കാരിന്റെ പുതിയ ഉത്തരവ് പ്രകാരം ആൽക്കഹോൾ വിത്ത്ഡ്രാവൽ സിൻഡ്രം ഉണ്ടെന്ന കുറിപ്പടിക്കായി സ്ഥിരം മദ്യപാനികൾ ഇന്നലെ ഡോക്ടർമാരുടെ പിന്നാലെ പാച്ചിലായിരുന്നു. ജില്ലയിൽ ഇന്നലെ എക്സൈസിന് രണ്ട് കുറിപ്പടികൾ ലഭിച്ചെങ്കിലും നിയമാനുസൃതമല്ലാത്തതിനാൽ തള്ളി.
ഡോക്ടറുടെ മേൽ വിലാസം, സീൽ, തീയതി എന്നിവയില്ലാത്തത് കൊണ്ടാണ് ഇന്നലെ ലഭിച്ച രണ്ട് കുറിപ്പടികളും തള്ളിയത്. അതേസമയം മദ്യപാനികൾ വ്യാപകമായി സമീപിക്കുന്നുണ്ടെങ്കിലും മദ്യം ലഭിക്കാനുള്ള കുറിപ്പടി നൽകണമെന്ന സർക്കാർ ഉത്തരവിനോട് ഡോക്ടർമാർ സഹകരിക്കുന്നില്ല. എല്ലാ എക്സൈസ് ഓഫീസുകളിലും മദ്യപാനികൾ മദ്യം കിട്ടാനുള്ള മാർഗം അന്വേഷിച്ച് സ്ഥിരമായി വിളിച്ചുകൊണ്ടിരിക്കുകയാണ്.
ഒരാഴ്ചത്തേക്ക് മൂന്ന് ലിറ്റർ
മദ്യം ലഭിക്കാൻ ആൽക്കഹോൾ വിത്തഡ്രാവൽ സിൻഡ്രം ഉണ്ടെന്ന സർക്കാർ ഡോക്ടറുടെ കുറിപ്പടിയുമായി സ്വന്തം വീടിന്റെ പരിധിയിലുള്ള എക്സൈസ് റേഞ്ച് ഓഫീസിലോ സർക്കിൾ ഓഫീസിലോ എത്തണം. തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, ആധാർ, ഡ്രൈവിംഗ് ലൈസൻസ് എന്നിവയിലൊരു തിരിച്ചറിയൽ രേഖയും കരുതണം. ആവശ്യമുള്ളത് ഏതാണെന്ന് പറയുമ്പോൾ വിസ്കി ബ്രാൻഡി അല്ലെങ്കിൽ റം എന്ന് രേഖപ്പെടുത്തിയ കുറിപ്പ് എക്സൈസ് ഓഫീസിൽ നിന്ന് ബിവറേജസ് ഗോഡൗണിൽ കൊടുക്കാനായി തരും. ഒരാഴ്ചത്തേക്ക് മൂന്ന് ലിറ്റർ മദ്യമാകും അനുവദിക്കുക.
വ്യാജ കുറിപ്പ് പിടികൂടി
കഴിഞ്ഞ വികമിച്ച ഡോക്ടറുടെ കുറിപ്പുമായി എത്തിയ തേവള്ളി സ്വദേശിയായ മദ്ധ്യവയസ്കനെ എക്സൈസ് ഉദ്യോഗസ്ഥർ കൈയോടെ പിടികൂടി. കുറിപ്പടി നൽകിയ ഡോക്ടറുടെ ഫോണിൽ സംസാരിച്ച് ഉറപ്പുവരുത്തിയ ശേഷമേ എക്സൈസ് മദ്യം അനുവദിക്കുകയുള്ളു.