കൊല്ലം: ലോക്ക് ഡൗൺ കാലത്ത് പുസ്തകത്തിന്റെ പണിപ്പുരയിലാണ് എൻ.കെ.പ്രേമചന്ദ്രൻ എം.പി. പുലർച്ചെ എഴുന്നേൽക്കുന്ന പതിവ് ശീലത്തിന് മാറ്റമില്ല. ഉറങ്ങാനും വൈകും. സാധാരണ നേരം പുലരുമ്പോൾത്തന്നെ വീടിന് മുന്നിൽ വിവിധ ആവശ്യങ്ങൾക്കായെത്തുന്ന കുറേപ്പേരുണ്ടാകും. അവരുടെ പ്രയാസങ്ങളും ആവശ്യങ്ങളും കേട്ടും പരിഹാരമുണ്ടാക്കിയും പിന്നെ പുറത്തേക്കിറങ്ങുകയായി. എന്നും തിരക്കോട് തിരക്ക്. വീണുകിട്ടിയ അവധിക്കാലംപോലെയാണ് ഇപ്പോൾ ലോക്ക് ഡൗൺ!
കൊല്ലത്തെ വസതിയിൽ പുസ്തക വായനയ്ക്കാണ് മുൻതൂക്കം നൽകുന്നത്. അതിനിടയിലാണ് 2003ൽ പ്രസിദ്ധീകരിച്ച 'ഓ..ഇറാഖ്' എന്ന പുസ്തകം പുന:പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചത്. യുദ്ധത്തിന് ആഴ്ചകൾക്ക് മുൻപായിരുന്നു പ്രേമചന്ദ്രൻ ഇറാഖ് സന്ദർശിച്ചത്. അന്ന് അവിടെ കണ്ട കാഴ്ചകളിലോരോന്നും മനസിൽ പതിഞ്ഞു. ജനങ്ങളുടെ ദുരിത ജീവിതത്തിന്റെ ഒരു വശവും മറുവശത്തെ സമ്പന്നക്കാഴ്ചകളും ചേർത്ത് എഴുതണമെന്ന് കരുതിയാണ് മടങ്ങിയത്. തൊട്ടുപിന്നാലെ യുദ്ധമെത്തി. യുദ്ധത്തിന് മുൻപും പിമ്പുമുണ്ടായ വിവരങ്ങൾ ചേർത്താണ് 'ഓ..ഇറാഖ്' എന്ന പുസ്തകമെഴുതിയത്. 2003ൽ പ്രസിദ്ധീകരിച്ച പുസ്തകത്തിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. അവതാരിക മാറ്റിയെഴുതിയാണ് ഇപ്പോൾ പുന:പ്രസിദ്ധീകരിക്കുന്നത്. ഉള്ളടക്കത്തിലും അന്നും ഇന്നുമായ വ്യത്യാസങ്ങൾ ഉണ്ടാകും. ലോക്ക് ഡൗൺ കഴിഞ്ഞാലുടൻ പുന:പ്രസിദ്ധീകരണത്തിനായി സൈന്ധവ ബുക്സിന് കൈമാറാനാണ് തീരുമാനം.