കൊല്ലം: ലോക്ക് ഡൗൺ ലംഘിച്ച ജനപ്രതിനിധിയുടെ വാഹനം പൊലീസ് പിടിച്ചെടുത്തു. കൊട്ടാരക്കര നെടുവത്തൂർ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും കല്ലേലി വാർഡ് മെമ്പറുമായ ബി.വിജയൻപിള്ളയുടെ കാറാണ് പുത്തൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസിന് മുന്നിൽക്കൂടി പലതവണ വിജയൻപിള്ള കാറിൽ യാത്ര ചെയ്തു. ഓരോ തവണയും പൊലീസ് കൈ കാണിച്ചപ്പോൾ പഞ്ചായത്ത് മെമ്പറാണെന്നും അടിയന്തര സഹായം ചെയ്യാൻ പോവാണെന്നും പറഞ്ഞ് രക്ഷപ്പെട്ടു.
വീണ്ടുമെത്തിയപ്പോഴാണ് പൊലീസ് ഉദ്യോഗസ്ഥർ യാത്രയുടെ യഥാർത്ഥ ഉദ്ദേശ്യം അറിഞ്ഞത്. അടുത്തിടെ സി.പി.എമ്മിൽ നിന്നും രാജിവച്ച് സി.പി.ഐയിൽ ചേർന്ന ഇദ്ദേഹം തനിയ്ക്ക് പൊലീസുകാരുടെ ഇടയിൽ നല്ല സ്വാധീനമാണെന്ന് മറ്റുള്ളവരെ അറിയിക്കാനുള്ള തത്രപ്പാടിലായിരുന്നുവത്രെ. ഇതിനായി പൊലീസിന് മുന്നിലൂടെ വെറുതെ കാറുമെടുത്ത് കറക്കമായിരുന്നു. കസ്റ്റഡിയിലെടുത്ത കാർ കോടതിയിൽ ഹാജരാക്കുമെന്ന് പുത്തൂർ പൊലീസ് അറിയിച്ചു. ഇന്നലെ ലോക്ക് ഡൗൺ ലംഘിച്ച 52 പേർക്കെതിരെ പുത്തൂർ പൊലീസ് കേസെടുത്തിരുന്നു.