കൊല്ലം: ലോക്ക് ഡൗണായാൽ മൃഗാശുപത്രികൾ പ്രവർത്തിക്കണ്ടേ? വേണ്ട സമയത്ത് ചികിത്സ കിട്ടാതെ വീട്ടിലെ പെണ്ണാട് ചത്തതിന്റെ ദു:ഖത്തിലും പ്രതിഷേധത്തിലുമാണ് കൊല്ലം വെളിയം കുളത്തിൻകരോട്ട് വീട്ടിൽ ശ്രീകുമാർ. റേഷൻ കടയിൽ നിന്നും വാങ്ങിയ ഗോതമ്പിൽ നിന്നും കുറച്ചെടുത്ത് ആടിന് വേവിച്ച് കൊടുത്തിരുന്നു. ഇത് ദഹിക്കാത്തതിന്റെ അസ്വസ്ഥതകൾ ആട് കാട്ടിയതായാണ് ശ്രീകുമാർ പറയുന്നത്. വെളിയം പഞ്ചായത്തിലെ മൃഗഡോക്ടറെ വിളിച്ചപ്പോൾ സോഡാപ്പൊടി കൊടുത്താൽ മതിയെന്ന് മറുപടി കിട്ടി. ഡോക്ടറൊന്ന് വന്നുകാണാൻ പറ്റുമോയെന്ന ചോദ്യത്തിനെ അദ്ദേഹം പരിഗണിച്ചതുമില്ല. മറ്റ് ഡോക്ടർമാരെ വിളിച്ചപ്പോഴും വരാൻ പറ്റില്ലെന്നറിയിച്ചു. മൃഗാശുപത്രി പ്രവർത്തിച്ചിരുന്നെങ്കിൽ തന്റെ മൂന്ന് വയസുള്ള പെണ്ണാട് ചത്തുപോകില്ലെന്നാണ് ശ്രീകുമാർ പറഞ്ഞത്. ചത്ത ആടിനെ വീട്ടുവളപ്പിൽ കുഴിയെടുത്ത് മൂടുകയായിരുന്നു.