cpm

കൊല്ലം: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ പാവപ്പെട്ടർവർക്ക് ഭക്ഷണം ലഭ്യമാക്കാൻ ആരംഭിച്ച സാമൂഹിക അടക്കളയ്ക്കായുള്ള പണപ്പിരിവിനെ ചൊല്ലി കൊല്ലം നഗരസഭയിൽ സി.പി.എം - സി.പി.ഐ തർക്കം. കഴിഞ്ഞ ദിവസം ചേർന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ ഡെപ്യൂട്ടി മേയറുടെ നേതൃത്വത്തിൽ സി.പി.എം സ്ഥിരം സമിതി അദ്ധ്യക്ഷരും മേയറുടെ നേതൃത്വത്തിൽ സി.പി.ഐ അംഗങ്ങളും ചേരിതിരിഞ്ഞുണ്ടായ വാക്പോര് വെല്ലുവിളികളിലേക്ക് നീണ്ടു.

സ്റ്റിയറിംഗ് കമ്മിറ്റി യോഗം തുടങ്ങിയപ്പോൾ മേയർ സാമൂഹിക അടുക്കളകൾ കൂടുതൽ വിപുലമാക്കാനായി വിവിധ ആളുകളിൽ നിന്ന് മേയേഴ്സ് ഫണ്ടിലേക്ക് സ്വരൂപിച്ച പണത്തിന്റെ കണക്കവതരിപ്പിച്ചു. തൊട്ടുപിന്നാലെ സി.പി.എമ്മിന്റെ നഗര വികസന സ്ഥിരം സമിതി അദ്ധ്യക്ഷൻ ഇതിനെതിരെ രംഗത്തെത്തുകയായിരുന്നു. തർക്കം നീണ്ടതോടെ യോഗം അവസാനിക്കും മുമ്പേ ഉദ്യോഗസ്ഥർ ഇറങ്ങിപ്പോയി. സാമൂഹിക അടുക്കളകൾ കാര്യക്ഷമമാക്കാനുള്ള ചർച്ചകൾ മാത്രമാണ് നടന്നതെന്നാണ് ഇതുസംബന്ധിച്ച് മേയറുടെയും ഡെപ്യൂട്ടി മേയറുടെയും പ്രതികരണം.

സി.പി.ഐ വാദം

സി.പി.എമ്മിന്റെയും സി.പി.ഐയുടെയും ജില്ലാ സെക്രട്ടറിമാരുമായി ആലോചിച്ചാണ് കാര്യങ്ങൾ നീക്കുന്നത്. സാമൂഹിക അടുക്കളകൾക്കായി പണം പിരിച്ചില്ലെങ്കിൽ സജൗന്യ ഭക്ഷണ വിതരണം പ്രതിസന്ധിയിലാകും. മേയറുടെ വിവേചനാധികാരം ഉപയോഗിച്ചാണ് കാര്യങ്ങൾ ചെയ്യുന്നത്. സി.ഡി.എസ് ചെയർപേഴ്സൺമാരുമായി കാര്യങ്ങൾ ആലോചിക്കുന്നുണ്ട്. എല്ലാ സർക്കാർ മാർഗനിർദ്ദേശങ്ങളും നേരിട്ട് അവർക്കും ലഭിക്കുന്നുണ്ട്. മുൻ മേയർ നൃത്തോത്സവവും നാടകോത്സവവും നടത്തിയപ്പോൾ പണം പിരിച്ചിരുന്നു. അത് കൗൺസിലിലും സ്റ്റിയറിംഗ് കമ്മിറ്റിയിലും ചർച്ച ചെയ്തിട്ടായിരുന്നില്ല.

ഹണി ബഞ്ചമിൻ, മേയർ

''

സാമൂഹിക അടുക്കളയ്ക്കായി മേയേഴ്സ് ഫണ്ടിലേക്ക് പണം സ്വരൂപിക്കുന്നതിൽ തെറ്റില്ല. മുൻ മേയറുടെ കാലത്ത് ഇത്തരത്തിൽ പണം സമാഹരിച്ചിട്ടുണ്ട്.

ടി.ആർ. സന്തോഷ്‌ കുമാർ

സി.പി.എം വാദം

മേയേഴ്സ് ഫണ്ടിലേക്ക് സാമൂഹിക അടുക്കളകൾക്കായി പണം പിരിക്കുന്നത് ശരിയല്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് പണം സ്വരൂപിക്കേണ്ടത്. മേയേഴ്സ് ഫണ്ടിൽ നിന്ന് പണം നൽകുന്നത് രോഗികൾക്കാണ്. മുൻ മേയറുടെ കാലത്ത് നാടകോത്സവവും നൃത്തോത്സവവും നടത്തിയത് കൗൺസിലിന്റെ അനുമതിയോടെയായിരുന്നു. അതിനായി നഗരസഭ നേരിട്ട് പണപ്പിരിവ് നടത്തിയിട്ടില്ല.

എം.എ. സത്താർ

സാമൂഹിക അടുക്കളകളുടെ പ്രവർത്തനത്തിന് സർക്കാരിന്റെ മാർഗനിർദ്ദേശമുണ്ട്. ഊണ് സൗജന്യമായി നൽകുന്നതിനടക്കം കുടുംബശ്രീ മിഷൻ സബ്സിഡി നൽകുന്നുണ്ട്. അതുകൊണ്ട് സംഭാവന പിരിക്കാതെ തന്നെ സൗജന്യ ഭക്ഷണം നൽകാം.

വി.എസ്. പ്രിയദർശൻ

സമൂഹിക അടക്കളയ്ക്ക് വേണ്ടി പണം പിരിച്ചത് ഡെപ്യൂട്ടി മേയറായ തന്നോട് ആലോചിച്ചല്ല. കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺമാരെയും അറിയിച്ചില്ല. ഒരു ചെയർപേഴ്സണെ ബോധപൂർവം എല്ലാക്കാര്യങ്ങളിൽ നിന്നും മാറ്റിനിറുത്തുന്നു.

എസ്. ഗീതാകുമാരി