മത്സ്യം കഴിച്ചവർക്ക് ഛർദ്ദിയും വയറിളക്കവും
കൊല്ലം: കൊവിഡ് 19ന്റെ നിയന്ത്രണങ്ങൾക്കിടെ ഫോർമാലിൻ ചേർത്ത മത്സ്യങ്ങൾ വ്യാപകമായി വിൽക്കുന്നു. മത്സ്യ ചന്തകൾ നിരോധിച്ച അവസരം മുതലെടുത്താണ് പുറത്തുനിന്ന് ഫോർമാലിൻ കലർന്ന മത്സ്യങ്ങൾ വിൽപ്പനയ്ക്കെത്തിക്കുന്നത്.
രാവിലെയും വൈകുന്നേരവുമാണ് ഇത്തരം മത്സ്യങ്ങളുടെ വിൽപ്പന. രണ്ടാഴ്ചയായി പലയിടത്തും വിറ്റ മത്സ്യം കഴിച്ചവർക്ക് ഛർദ്ദിയും വയറിളക്കവുമുണ്ടായതായി പരാതി ഉയർന്നു. മത്സ്യത്തിന് രുചിവ്യത്യാസം കാരണം കറിവച്ചത് ഉപയോഗിക്കാനാവുന്നില്ല. മത്സ്യത്തിന് ആഴ്ചകൾ പഴക്കമുണ്ടെന്നാണ് സൂചന. അനുഭവസ്ഥർ മത്സ്യം വാങ്ങുന്നത് നിറുത്തിയെങ്കിലും പുതിയ ആളുകളാണ് ഇവരുടെ ഇര. തലേന്ന് വിറ്റ ഫോർമാലിൻ ചേർത്ത മത്സ്യം തൊട്ടടുത്ത ദിവസവും വിൽപ്പന നടത്തിയതിന് കരുനാഗപ്പള്ളിയിൽ മീൻവിൽപ്പനക്കാരെ യുവാക്കൾ തടയാൻ ശ്രമിച്ചെങ്കിലും പെട്ടി ആട്ടോയുമായി മീൻ കച്ചവടക്കാർ കടന്നുകളഞ്ഞ സംഭവവും ഉണ്ടായി.
പരാതി ഉയരുന്നിടങ്ങളിൽ ഉദ്യോഗസ്ഥരെ വിട്ട് പരിശോധിപ്പിക്കുന്നുണ്ടെന്നാണ് വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ ഒരിടത്തും പരിശോധന നടക്കുന്നില്ലെന്നാണ് പരാതി. പച്ചക്കറി, ചിക്കൻ വില കൂടിയതും ജനത്തെ കിട്ടുന്ന മത്സ്യം വാങ്ങാൻ പ്രേരിപ്പിക്കുന്നു. ഇത് മുതലെടുത്ത് കാശുവാരാനാണ് ഒരുകൂട്ടം കച്ചവടക്കാരുടെ ആസൂത്രിത ശ്രമം. കളക്ടർമാരും പൊലീസും ഉദ്യോഗസ്ഥരും മുഴുവൻ സമയവും കൊവിഡ് 19 പ്രതിരോധ നടപടികൾക്ക് പിന്നാലെയായതിനാൽ ആരും ചോദിക്കാനില്ലെന്ന ധാരണയിലാണ് ഫോർമാലിൻ ചേർത്ത മത്സ്യയ വില്പന കൊഴുക്കുന്നത്.
പ്രാദേശിക മത്സ്യലഭ്യത കുറഞ്ഞു
നീണ്ടകര അടക്കമുള്ള കേന്ദ്രങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് പോകുന്ന ബോട്ടുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞതോട പ്രാദേശികമായി മത്സ്യലഭ്യതയും കുറഞ്ഞു. മത്സ്യം കൊണ്ടുവരാൻ തടസമില്ലാത്തതിനാൽ മംഗലാപുരം, തൂത്തുക്കുടി, നാഗർകോവിൽ ഭാഗങ്ങളിൽ നിന്ന് ധാരാളം മത്സ്യം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെത്തുന്നുണ്ട്. ഫോർമാലിൻ കലർത്തുന്നതിനൊപ്പം കൊള്ളവിലയും ഈടാക്കുന്നതായാണ് പരാതി.
''
കൈവശം ഉണ്ടായിരുന്ന പരിശോധനാ കിറ്റുകൾ നിശ്ചിത ദിവസത്തിനുള്ളിൽ ഉപയോഗിക്കേണ്ടതിനാൽ ഇത് പലേടത്തും ലഭ്യമല്ല. ഇനി കിറ്റുകൾ വന്നാലേ വ്യാപക പരിശോധന നടത്താനാകൂ.
ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ