കൊല്ലം: ജില്ലയിലെ ഒരു നിരാലംബ കുടുംബവും വിശന്നിരിക്കരുതെന്ന നിർബന്ധതത്തിൽ രാപകൽ ഭേദമില്ലാതെ ജില്ലയിലെ സാമൂഹിക അടുക്കളകൾ പ്രവർത്തന സജ്ജമാണ്. ജനകീയ പിന്തുണയും സഹായവും ദിവസങ്ങൾ പിന്നിടുന്തോറും വർദ്ധിക്കുകയാണ്. അരി, ഗ്യാസ് സിലിണ്ടർ, വിറക്, പച്ചക്കറികൾ, പലചരക്ക് സാധനങ്ങൾ, മരച്ചീനി, ഏത്തക്കുല, മറ്റ് കാർഷിക വിഭവങ്ങൾ തുടങ്ങി അടുക്കളയ്ക്ക് പ്രവർത്തിക്കാൻ വേണ്ടി സാധന സാമഗ്രികൾ എത്തിക്കാൻ വിവിധ സംഘടനകൾ, റസിഡന്റ്സ് അസോസിയേഷനുകൾ, യുവജന സംഘടനകൾ തുടങ്ങിയവർ രംഗത്തുണ്ട്. കൊല്ലം നഗരസഭയുടെ എട്ട് സാമൂഹിക അടുക്കളകളിൽ നിന്ന് മൂന്ന് നേരവും ഭക്ഷണം ലഭിക്കും. ജില്ലയിലെ മറ്റ് ഭാഗങ്ങളിലെ ചില അടുക്കളകളിൽ ഉച്ചയ്ക്ക് മാത്രമാണ് ഭക്ഷണ വിതരണം. പക്ഷേ ഇവിടെ രാത്രിയിലേക്ക് കൂടിയുള്ള ഭക്ഷണം ഉച്ചയ്ക്ക് നൽകാൻ പരിശ്രമിക്കുന്നുണ്ട്. ഇഡലി - സാമ്പാർ, ദോശ - വെജിറ്റബിൾ കറി, ഉപ്പ്മാവ് - കറി എന്നിവയാണ് രാവിലത്തെ വിഭവങ്ങൾ. ചോറ്, അവിയൽ, തോരൻ, അച്ചാർ, സാമ്പാർ, പുളിശേരി എന്നിവയാണ് ഉച്ചയൂണിന്റെ പതിവ് കൂട്ട്. അഞ്ച് ചപ്പാത്തിയും വെജിറ്റബിൾ കറിയുമാണ് രാത്രി ഭക്ഷണമായി നൽകുന്നത്. നിരാലംബർക്കും സാധാരണക്കാർക്കും അടുക്കളകളിൽ നിന്ന് സൗജന്യമായി ഭക്ഷണം നൽകും. അടുക്കളയിലെത്തി ഭക്ഷണം വാങ്ങാൻ കഴിയാത്ത സാധാരണക്കാർക്ക് ഭക്ഷണം വീടുകളിലെത്തിച്ച് നൽകും. മറ്റുള്ളവർക്ക് പാത്രവുമായി എത്തിയാൽ അടുക്കളയിൽ നിന്ന് 20 രൂപ നിരക്കിൽ ഭക്ഷണം വാങ്ങാം. ഫോൺ മുഖേനെ ആവശ്യപ്പെട്ടാൽ ഭക്ഷണം വീടുകളിലെത്തിച്ച് നൽകും. ഇതിനായി പ്രത്യേക സന്നദ്ധ പ്രവർത്തകരെ പഞ്ചായത്ത് നിയോഗിച്ചിട്ടുണ്ട്. വീടുകളിലെത്തിച്ച് നൽകുന്ന ഭക്ഷണത്തിന് അഞ്ച് രൂപ സർവീസ് ചാർജ് സഹിതം 25 രൂപ നൽകണം.
ഭക്ഷണം വേണ്ടവർ മുൻകൂട്ടി അറിയിക്കണം
പ്രഭാത ഭക്ഷണം ആവശ്യമുള്ളവർ തലേന്ന് രാത്രിയിൽ ഫോൺ വഴി അറിയിക്കണം. ഉച്ച ഭക്ഷണം വേണ്ടവർ രാവിലെ പത്തിന് മുമ്പും രാത്രി ഭക്ഷണം ആവശ്യമുള്ളവർ വൈകിട്ട് മൂന്നിന് മുമ്പും വിളിച്ച് അറിയിക്കണം. ആവശ്യക്കാരുടെ എണ്ണം അനുസരിച്ചാണ് ഭക്ഷണം തയ്യാറാക്കുന്നത്. പൊതുജനങ്ങൾക്ക് ബന്ധപ്പെടാൻ കഴിയുന്ന തദ്ദേശ സ്ഥാപന സെക്രട്ടറിമാരുടെ ഫോൺ നമ്പരുകൾ കഴിഞ്ഞ ദിവസം കേരളകൗമുദി പ്രസിദ്ധീകരിച്ചിരുന്നു. സമയബന്ധിതമായി അറിയിച്ചിട്ടും ഭക്ഷണം ലഭിക്കുന്നില്ലെങ്കിൽ ഇതേ നമ്പരുകൾക്ക് പുറമെ ജില്ലാ ഭരണകൂടത്തെയും പരാതി അറിയിക്കാം.