കൊല്ലം: കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷന്റെ വിതരണം ജില്ലയിലെ റേഷൻ കടകൾ വഴി ആരംഭിച്ചു. ആദ്യദിനം എല്ലാ റേഷൻ കടകളിലും ഭേദപ്പെട്ട തിരക്ക് അനുഭവപ്പെട്ടു. തിരക്കേറിയ സ്ഥലങ്ങളിൽ നിയന്ത്രണത്തിന് പൊലീസ് ഉദ്യോഗസ്ഥരും സഹായവുമായെത്തി. ഉച്ചവരെ മുൻഗണനാ വിഭാഗങ്ങൾക്കും ഉച്ചയ്ക്കുശേഷം മുൻഗണനേതര വിഭാഗങ്ങൾക്കുമായാണ് റേഷൻ വിതരണത്തിന്റെ സമയം ക്രമീകരിച്ചിരിക്കുന്നത്. ഇന്ന് കാർഡിലെ അവസാന അക്കം 2, 3 അക്കങ്ങളിൽ അവസാനിക്കുന്നവർക്കാണ് റേഷൻ ധാന്യങ്ങളുടെ വിതരണം.
അന്ത്യോദയ വിഭാഗങ്ങൾക്ക് ( മഞ്ഞ കാർഡ് ) നിലവിൽ ലഭിക്കുന്ന 35 കിലോ ഭക്ഷ്യധാന്യം സൗജന്യമായി ലഭിക്കും.
പ്രയോരിറ്റി ഹൗസ് ഹോൾഡ്‌സ് (പി.എച്ച്.എച്ച്) വിഭാഗത്തിൽപ്പെട്ട പിങ്ക് കാർഡ് ഉടമകൾക്ക് കാർഡിലുള്ള ഒരു അംഗത്തിന് അഞ്ചു കിലോ വീതം സൗജന്യ ധാന്യം നൽകും. വെള്ള, നീല കാർഡുകളുള്ള മുൻഗണനേതര വിഭാഗങ്ങൾക്ക് കുറഞ്ഞത് 15 കിലോഗ്രാം ഭക്ഷ്യധാന്യം ലഭിക്കും.
പതിനഞ്ച് കിലോയിൽ കൂടുതൽ ധാന്യം നിലവിൽ ലഭിക്കുന്ന നീല കാർഡ് ഉടമകൾക്ക് അത് തുടർന്നും കിട്ടും. അഞ്ചുപേരിൽ കൂടുതൽ കടയുടെ മുന്നിൽ കൂടി നിൽക്കാൻ ഒരിടത്തും അനുവദിച്ചില്ല. തിരക്കേറിയ സ്ഥലങ്ങളിൽ ടോക്കൺ നൽകിയാണ് വിതരണം ക്രമീകരിച്ചത്. റേഷൻ കടയിൽ നേരിട്ടെത്താൻ കഴിയാത്തവർക്ക് ധാന്യങ്ങൾ വീട്ടിലെത്തിച്ച് കൊടുക്കാൻ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
റേഷൻ കാർഡ് ഇല്ലാത്ത കുടുംബങ്ങൾക്കും സൗജന്യമായി ഭക്ഷ്യ ധാന്യം നൽകും. ഇതിനായി ആധാർ കാർഡും ഫോൺ നമ്പറും ചേർത്തുള്ള സത്യവാങ്മൂലം റേഷൻ വ്യാപാരിക്ക് നൽകണം.