r
നിയന്ത്രണങ്ങളിൽ ഉറച്ച് പൊലീസ്: ഇന്നലെ അറസ്റ്റിലായത് 414 നിയമലംഘകർ

കൊല്ലം: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ അവഗണിച്ച് തെരുവിലിറങ്ങിയ 414 നിയമലംഘകരെ ജില്ലയിൽ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തു. 414 കേസുകളിലായി 322 വാഹനങ്ങളും പിടിച്ചെടുത്തു. ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന ഇന്നലെയും തുടർന്നു. പ്രധാന കവലകളിൽ പ്രത്യേക ടെന്റുകൾ സ്ഥാപിച്ച് പരിശോധന കർശനമാക്കുകയാണ് പൊലീസ്. സിറ്റി പൊലീസ് 260 കേസുകളിലായി 260 പേരെ അറസ്റ്റ് ചെയ്ത് 194 വാഹനങ്ങൾ പിടിച്ചെടുത്തപ്പോൾ റൂറൽ പൊലീസ് 154 കേസുകളിലായി 154 പേരെ അറസ്റ്റ് ചെയ്ത് 128 വാഹനങ്ങൾ പിടിച്ചെടുത്തു.

പെൻഷൻ വിതരണം, സൗജന്യ റേഷൻ വിതരണം എന്നിവയുമായി ബന്ധപ്പെട്ട് ബാങ്കുകൾ, റേഷൻ കടകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലുണ്ടാകുന്ന തിരക്ക് ഒഴിവാക്കാനും സാമൂഹിക അകലം പാലിക്കാനും പൊലീസ് ഇടപെടുന്നുണ്ട്. പൊലീസ് പരിശോധന ഒഴിവാക്കാൻ പ്രധാന റോഡുകൾ വിട്ട് ഇടറോഡുകളിൽ കൂടി കൂടുതൽ വാഹനങ്ങൾ പോകുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊലീസ് വാഹന പരിശോധന ഇടറോഡുകളിലേക്കും വ്യാപിപ്പിച്ചു. ലോക്-ഡൗൺ ആരംഭിച്ച മാർച്ച് 24 മുതൽ 31 വരെ 1,544 കേസുകളാണ് സിറ്റി പൊലീസ് പരിധിയിലെ വിവിധ സ്റ്റേഷനുകയളിലായി രജിസ്റ്റർ ചെയ്തത്. ഈ കേസുകളിൽ 1,201 വാഹനങ്ങൾ പിടിച്ചെടുക്കുകയും 1,559 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നിസാര കാര്യങ്ങൾക്കായി നിബന്ധനകൾ ലംഘിച്ച് പുറത്തിറങ്ങുന്നവർക്കെതിരായ നടപടികൾ ശക്തമായി തുടരാനും വാഹനങ്ങൾ പിടിച്ചെടുക്കാനുമാണ് പൊലീസ് തീരുമാനം.