കൊല്ലം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെയും കൊല്ലം ജില്ലാ ആശുപത്രിയിലെയും കൊവിഡ് 19 വാർഡുകളോട് ചേർന്ന് സുരക്ഷാ ജോലിയെടുത്ത കൊല്ലം എ.ആർ ക്യാമ്പിലെ രണ്ട് പൊലീസുകാരെ ഗൃഹനിരീക്ഷണത്തിലാക്കി.
രണ്ടാഴ്ച മുമ്പ് ചവറയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. ഈ കേസിൽ പരിക്കേറ്റ പ്രതികളെ ആദ്യം പൊലീസ് നിരീക്ഷണത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് പ്രവേശിപ്പിച്ചത്. പ്രതികൾക്കൊപ്പം ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നത് ഈ രണ്ട് പൊലീസുകാരെയാണ്. പിന്നീട് പ്രതികളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴും ഇവർ രണ്ട് പേർക്കുമായിരുന്നു സുരക്ഷാ ചുമതല. രണ്ട് ആശുപത്രികളിലും ഈ സമയങ്ങളിൽ കൊവിഡ് 19 സ്ഥിരീകരിച്ചിവരുന്നവർ നിരന്തരം എത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസിന്റെ കൊവിഡ് 19 കൺട്രോൾ വിംഗ് പൊലീസുകാർ വീടുകളിലേക്ക് മടങ്ങി നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശിച്ചത്. ഇരുവരും തിരുവനന്തപുരം സ്വദേശികളാണ്. ഇതിലൊരാൾ ജില്ലാ ആശുപത്രിയിലെ സുരക്ഷാ ജോലി കഴിഞ്ഞ് പാരിപ്പള്ളി സ്റ്റേഷൻ പരിധിയിൽ പോയിന്റ് ഡ്യൂട്ടിയിലായിരുന്നു.