വേനൽ മഴയിൽ മൊട്ടിട്ട് ഏപ്രിൽ ചെടികൾ
കൊല്ലം: വേനൽ മഴയുടെ അകമ്പടിയോടെ ഗ്രാമീണ മേഖലകളിൽ ഏപ്രിൽ ചെടികൾ പൂത്തു!. മുൻകാലങ്ങളിൽ ഗ്രാമപ്രദേശങ്ങളിലെ മിക്ക പറമ്പുകളിലും കാണാറുള്ള ഈ ചെടി ഇപ്പോൾ അന്യമായിക്കൊണ്ടിരിക്കുകയാണ്.
വേനൽക്കാലംവരെ മണ്ണിനടിയിൽ അജ്ഞാത വാസത്തിലായിരിക്കുന്ന ചെടി മാർച്ച്, ഏപ്രിൽ മാസങ്ങളിൽ മണ്ണൊന്ന് നനയുമ്പോഴാണ് ഉയിർത്തെഴുന്നേറ്റ് പൂവിടുന്നത്. ദിവസങ്ങൾ മാത്രമാണ് ആയുസുള്ളത്. പിന്നീട് കുറേ നാളുകൾ ഇലകൾ ഉണ്ടാകും. ഇല പട്ടുപോകുന്നതോടെ വീണ്ടും മണ്ണിനടിയിൽ ഒളിക്കുകയായി.
വീട്ടുമുറ്റങ്ങളിലും പറമ്പിലുമൊക്കെ വീണ്ടും ഏപ്രിൽച്ചെടി പൂത്തതിന്റെ ഭംഗിയാണിപ്പോൾ. കൊറോണക്കാലത്ത് തിരക്കുകളൊഴിഞ്ഞതിനാൽ പൂക്കളുടെ ഭംഗിയും മലയാളി ആസ്വദിക്കുന്നു.
പറമ്പ് നിറയെ പൂക്കളുമായ് നമ്പിമഠം
കൊട്ടാരക്കര കുളക്കടയിലെ താമരശേരി നമ്പിമഠം ഇപ്പോൾ പൂക്കളുടെ കൊട്ടാരമായി മാറി. കണ്ണെത്താ ദൂരത്തോളം ഏപ്രിൽ ചെടികൾ പൂവിട്ട് നിൽക്കുന്നു. മണ്ണ് കാണാത്ത വിധം പൂക്കൾ നിറഞ്ഞതിനാൽ ഇവിടമാകെ വേറിട്ട സൗന്ദര്യമാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ് നമ്പിമഠം. അഞ്ഞൂറിലധം ക്ഷേത്രങ്ങളുടെ തന്ത്രിയാണ് ഇപ്പോഴത്തെ പ്രധാനിയായ രമേശ് ഭാനു പണ്ടാരത്തിൽ. രാജഭരണകാലത്ത് ഏറെ പ്രസിദ്ധമായിരുന്ന ഇവിടേക്ക് സ്വാതിതിരുനാളടക്കം എത്തിയിട്ടുമുണ്ട്. മഠത്തിൽ പുരോഗമന ചിന്താഗതി പടർന്നതോടെ വിപ്ളവ നായകൻമാരും എത്തിയിരുന്നു. കൊട്ടാരം വീട്ടിലെ അപ്പൂട്ടനെന്ന ജയറാം ചിത്രം പുറത്തിറങ്ങിയതോടെയാണ് പുതുതലമുറയ്ക്ക് നമ്പിമഠം സുപരിചിതമായത്. കൊറോണ നിരീക്ഷണകാലത്ത് മഠത്തിന്റെ ചുറ്റും വസന്തമെത്തിയത് അധികമാരും അറിഞ്ഞിട്ടില്ല.