kangana

കൊവിഡ് പ്രതിരോധ പ്രവർത്തനത്തിനായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നൽകി ബോളിവുഡ് താരം കങ്കണ റണാവത്ത്. കങ്കണയുടെ അമ്മ ആശാ റണാവത്ത് ഒരു മാസത്തെ പെൻഷനും നൽകി. കങ്കണയുടെ സഹോദരിയും മാനേജരുമായ രംഗോലി ചന്ദലാണ് ഇക്കാര്യം ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്.

"പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കങ്കണ 25 ലക്ഷം രൂപ നൽകി. കൂടാതെ ദിവസവേതനക്കാരായ തൊഴിലാളികളുടെ കുടുംബത്തിന് റേഷനും നൽകുന്നുണ്ട്. നമുക്കൊരുമിച്ച്‌ നമ്മളെക്കൊണ്ടാവുന്ന വിധത്തിലെല്ലാം മറ്റുള്ളവരെ സഹായിക്കാം'' രംഗോലി ട്വീറ്റ് ചെയ്തു. കൂടാതെ രംഗോലിയും ഭർത്താവ് അജയ് ചന്ദലും സഹോദരൻ അക്ഷത് റണാവത്തും ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറിയിട്ടുണ്ട്.

ഈ സാഹചര്യത്തിൽ കങ്കണ എന്താണ് നൽകാത്തതെന്ന് ആരാധകർ സംശയമുന്നയിച്ചിരുന്നു. എന്നാൽ ആദ്യം തുക കൈമാറിയിട്ട് പിന്നീട് പറയാനാണ് കങ്കണ കരുതിയിരുന്നതെന്ന് ട്വീറ്റ് ചെയ്തു. വെറും വാക്കുകളിലല്ല, പ്രവൃത്തിയിലാണ് തന്റെ സഹോദരി വിശ്വസിക്കുന്നതും രംഗോലി കുറിച്ചു. കൊറോണ കാരണം കങ്കണയുടെ തമിഴ് ചിത്രം തലൈവിയുടെ ഷൂട്ടിംഗ് നിർത്തിവച്ചിരുന്നു. ഇപ്പോൾ മണാലിയിൽ കുടുംബത്തോടൊപ്പമാണ് താരം.