photo

കൊല്ലം: കൊവിഡ് കാലത്തിന്റെ ദുരിതം കൂടുമ്പോഴും 2018ലെ പ്രളയകാലം ഓർക്കുകയാണ് കെ.പി.എ.സി ലീല. കേരളത്തെ കശക്കിയെറിഞ്ഞ പ്രളയത്തിന്റെ രണ്ടാം വർഷത്തെ ആഘാതവും ചെറുതായിരുന്നില്ല. കേരളം ഒറ്റക്കെട്ടായി അതിജീവിച്ച മഹാപ്രളയത്തെ പശ്ചാത്തലമാക്കി ജയരാജ് ഒരുക്കിയ 'രൗദ്രം 2018' ലീലയുടെ അഭിനയ ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു. പ്രകൃതിയുടെ സംഹാര രൗദ്ര താളത്തിന് മുന്നിൽ നിസഹായരാകുന്ന മനുഷ്യരുടെ കഥപറഞ്ഞ രൗദ്രത്തിലെ അഭിനയ മികവിന് ലീലയ്ക്ക് സംസ്ഥാന ചലച്ചിത്ര പുരസ്കാര ജൂറിയുടെ പ്രത്യേക പരാമർശവും ലഭിച്ചിരുന്നു. പ്രളയത്തെയും തോൽപ്പിക്കുന്ന തരത്തിൽ കൊവിഡ് ലോകമൊട്ടാകെ തകിടം മറിക്കുമ്പോൾ ലീലയുടെ വൃദ്ധമനസിൽ ഭീതിയുടെ നിഴലാട്ടമാണ്.

നാടകക്കാരിയായി കൊല്ലത്തേക്ക്..

കൊല്ലത്തിന് ഒരു നാടകക്കാലമുണ്ടായിരുന്നു, അറിഞ്ഞോ അറിയാതെയോ അതിന്റെ ഭാഗമായി കൊല്ലത്ത് സ്ഥിരതാമസമാക്കിയ കെ.പി.എ.സി ലീല ഇപ്പോഴും കഥാപാത്രത്തിന്റെ വേഷമഴിക്കാൻ തയ്യാറല്ല. നാടകത്തോട് വിട പറഞ്ഞിട്ടും വാർദ്ധക്യത്തിന്റെ അവശതകൾ മറന്ന് സിനിമാലോകത്ത് സജീവമാവുകയാണ് ലീല. മൂവാറ്റുപുഴയ്ക്കും പിറവത്തിനും ഇടയ്ക്കുള്ള പാമ്പാക്കുട എന്ന ഗ്രാമത്തിലായിരുന്നു ലീലയുടെ ജനനം. അച്ഛൻ കുര്യാക്കോസും അമ്മ മറിയാമ്മയും കമ്മ്യൂണിസ്റ്റ് സഹയാത്രികരായിരുന്നു. സർ സി.പിയുടെ പൊലീസ് കമ്മ്യൂണിസ്റ്റുകാരെ വേട്ടയാടിയിരുന്ന ആ കാലത്ത് കുര്യാക്കോസിന്റെ വീടായിരുന്നു പല നേതാക്കളുടെയും ഒളിവ് സങ്കേതം. അങ്ങിനെ ലീലയും പുരോഗമന ചിന്താഗതിക്കാരിയായി. അഭിനയത്തെക്കാൾ നൃത്തത്തോടായിരുന്നു ലീലയ്ക്ക് കമ്പം. മോഹിനിയാട്ടവും ഭരതനാട്യവും അഭ്യസിച്ചു. ഗുരുകുല സമ്പ്രദായത്തിലായിരുന്നു നൃത്തപഠനകാലം.

നൃത്തം പഠിക്കുന്നതിന് മറ്റൊരു കാരണവും ഉണ്ടായിരുന്നതായി ലീല ഓർക്കുന്നു. എട്ടാം ക്ളാസിൽ പഠിക്കുമ്പോൾ മുതൽ കാലിന് അസഹ്യമായ വേദന വന്നു. വാതത്തിന്റെ ലക്ഷണമാണെന്നും നൃത്തം പഠിക്കുന്നത് നല്ലതാണെന്നും വൈദ്യരുടെ ഉപദേശവും ലഭിച്ചു. നൃത്ത പഠനകാലയളവിൽ നാടക രചയിതാവായ ഏരൂർ വാസുദേവിനെ കണ്ടുമുട്ടിയതാണ് ലീലയ്ക്ക് നാടകത്തിലേക്കുള്ള വഴി തുറന്നത്. മുന്തിരിച്ചാറിൽ കുറേ കണ്ണുനീരെന്ന പി.ജെ.ആന്റണിയുടെ നാടകത്തിലേക്ക് ക്ഷണിച്ചത് ഏരൂർ വാസുദേവാണ്. ആദ്യ നാടകത്തിൽ ചെറിയ വേഷമായിരുന്നെങ്കിലും അത് കെ.പി.എ.സിയിലേക്ക് എത്തുന്നതിനുപകരിച്ചു.

അച്ഛനൊപ്പമാണ് ഒ.മാധവനെ കാണാൻ കൊല്ലത്ത് എത്തിയത്. മുടിയനായ പുത്രനിലെ ശാരദയായി അഭിനയിക്കാൻ ഒ.മാധവൻ അവസരമൊരുക്കി. ഒ.മാധവന്റെ ഭാര്യ വിജയകുമാരി അഭിനയിച്ചിരുന്ന വേഷമാണ് ലീലയ്ക്ക് ലഭിച്ചത്. വിജയകുമാരി പ്രസവത്തിന് പോയ നാളുകൾ ആയതിനാൽ പകരക്കാരിയായി തുടങ്ങിയ ലീല പിന്നെ കെ.പി.എ.സിയുടെ പ്രധാനനടിയായി മാറുകയായിരുന്നു. നിരവധി നാടകങ്ങളിലൂടെ കേരളക്കര അറിയപ്പെടുന്ന നടിയായി മാറി. കെ.പി.ഉമ്മർ, കെ.പി.എ.സി ലാൽ, ആലുംമൂടൻ, കെ.പി.എ.സി ജോൺ, പൊൻകുന്നം രവി, കെ.പി.എ.സി ലളിത, ശ്രീലത എന്നിവരൊക്കെ ലീലയുടെ ഒപ്പം അഭിനയിച്ചവരാണ്. കലാജീവിതത്തിനിടയിൽ കൊല്ലത്ത് വാടകയ്ക്ക് താമസിക്കേണ്ടിവന്നു. കെ.പി.എ.സിയിൽ വാദ്യോപകരണങ്ങൾ കൈകാര്യം ചെയ്തിരുന്ന ഡേവിഡിനൊപ്പമായിരുന്നു ജീവിതം തുടങ്ങിയത്. മക്കൾ ഷെല്ലിയും സാൻഡിയും ടോണിയും കൊല്ലത്തെ സ്കൂളുകളിലാണ് പഠിച്ചത്. പിന്നീട് ഇവിടെ സ്ഥിരതാമസമാക്കി. കടപ്പാക്കട ഭാവനാ നഗറിൽ-231ൽ ലീലാഭവനിലാണ് ഇപ്പോൾ മകനോടൊപ്പം ലീല താമസിക്കുന്നത്. അരങ്ങിലും അണിയറയിലും ഒപ്പം നിന്ന ഡേവിഡ് മൂന്ന് വർഷം മുൻപ് മരിച്ചു. നാടക രംഗത്ത് നിന്നും സ്വയം വിരമിച്ചെങ്കിലും അഭിനയ ജീവിതം ഉപേക്ഷിക്കുവാൻ ലീല ഒരുക്കമായിരുന്നില്ല.

നാടകം കാണാൻ നെഹ്റുവെത്തി

1962ൽ ആണ് കെ.പി.എ.സിയുടെ 'പുതിയ ആകാശം പുതിയ ഭൂമി' എന്ന നാടകമിറങ്ങിയത്. ഇതിൽ രാജമ്മയെന്ന കഥാപാത്രത്തിന് ജീവൻനൽകിയത് ലീലയായിരുന്നു. ഒരിക്കൽ നാടകം കാണാൻ ജവഹർലാൽ നെഹ്രു എത്തിയത് ലീല ഇപ്പോഴും ഓർക്കുന്നു. അന്ന് നാടകം തീർന്നപ്പോൾ നർത്തകിയുടെ വേഷമണിഞ്ഞ ലീലയെ അടുത്തുവിളിച്ച് കവിളിൽതട്ടി അഭിനന്ദിച്ചിട്ടാണ് നെഹ്റു മടങ്ങിയത്. മിന്നും താരങ്ങളായിരുന്ന പ്രേംനസീറും സത്യനുമൊക്കെ ലീലയെ അഭിനന്ദനം നേരിട്ട് അറിയിച്ചിട്ടുണ്ട്