photo
കൊല്ലം ജില്ലാ പഞ്ചായത്തംഗം എസ്.പുഷ്പാനന്ദൻ അടുക്കള വിഭവങ്ങൾ തയ്യാറാക്കുന്നു

കൊല്ലം: "ഒരു ദിവസം അടുക്കളയിൽ കയറി സഹായിച്ചു, ഇപ്പോൾ ഞാൻ അടുക്കളയിൽ കയറിയാൽ മാത്രമേ ഭാര്യ കയറുള്ളൂ എന്ന സ്ഥിതിയായി. ലോക്ക് ഡൗൺ പിൻവലിച്ചേതീരൂ..."- കൊല്ലം ജില്ലാ പഞ്ചായത്തംഗം എസ്.പുഷ്പാനന്ദൻ ഫേസ് ബുക്കിൽ പങ്കുവച്ചത് പകുതി തമാശയും ബാക്കി സീരയസായുമാണ്. ലോക് ഡൗൺ പ്രഖ്യാപിച്ച നാൾ മുതൽ വീട്ടിലിരിപ്പിലാണ് പുഷ്പാനന്ദൻ അടക്കമുള്ള പൊതുപ്രവർത്തകർ. ഇടയ്ക്ക് സാമൂഹ്യ അടുക്കളയ്ക്കുള്ള ഉത്പന്ന ശേഖരണത്തിനും മറ്റ് സഹായങ്ങൾക്കുമൊക്കെ പോയതൊഴിച്ചാൽ വീട്ടിൽത്തന്നെയാണ് അധിക സമയവും.

അടുക്കള ജോലികളിലും പറമ്പിലെ കൃഷിക്കാര്യത്തിലുമൊക്കെ ആൺ,പെൺ വ്യത്യാസമില്ലാതെ എല്ലാവരും കൂടുകയാണ്. കുടുംബ ബന്ധങ്ങളിൽ കൂടുതൽ ദൃഢത കൈവരുത്താൻ ലോക് ഡൗണിന്റെ വീട്ടിലിരിപ്പ് ഗുണം ചെയ്തു. വർഷത്തിൽ രണ്ട് ദിവസം ഇത്തരത്തിൽ ലോക് ഡൗൺ വേണമെന്ന് പറയുന്നവരുടെ എണ്ണവും കൂടുന്നുണ്ട്. അടുക്കളയിൽ കയറി ഭാര്യയെ സഹായിക്കാൻ കയറിയവരുടെ ട്രോളുകൾ സമൂഹ മാദ്ധ്യമങ്ങളിൽ നിറയുന്നുമുണ്ട്. ചിരിക്കാൻ വകതരുന്ന ഒരുപാട് അടുക്കളക്കാര്യങ്ങളാണ് ദിവസവും ട്രോളായി വന്നുനിറയുന്നത്. അതിനിടയിലാണ് ഒന്ന് സഹായിക്കാൻ അടുക്കളയിൽ കയറിയതിന്റെ പേരിൽ അടുക്കളക്കാര്യം ചുമലിലായ ജില്ലാ പഞ്ചായത്തംഗത്തിന്റെ പരാതി. കൊട്ടാരക്കര ബാറിലെ പ്രമുഖ അഭിഭാഷകനും സി.പി.എം നേതാവുമാണ് കോട്ടാത്തലക്കാരനായ എസ്.പുഷ്പാനന്ദൻ.