കൊല്ലം: പത്തനാപുരത്ത് ഐസൊലേഷൻ വാർഡിൽ നിന്നും തമിഴ്നാട് സ്വദേശി ചാടിപ്പോയി. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. തമിഴ് നാട് സ്വദേശിയായ തങ്കം(45) ആണ് ചാടിപ്പോയത്. കലഞ്ഞൂരിൽ ബിന്ദുഭവനം വീട്ടിൽ വാടകയ്ക്ക് താമസിച്ചുവന്ന തങ്കത്തെ കടുത്ത പനിയും ചുമയും അനുഭവപ്പെട്ടതിനെ തുടർന്ന് പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്നും ഇന്നലെ വൈകിട്ടോടെയാണ് പത്തനാപുരത്ത് എം.വി.എം ആശുപത്രിയിൽ പ്രത്യേകമായി സജ്ജമാക്കിയ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയത്.
സ്രവം, രക്ത സാമ്പിൾ എന്നിവ പരിശോധനയ്ക്ക് അയച്ചിരുന്നതാണ്. രാവിലെ ഭക്ഷണം കഴിച്ചയുടൻ കൈകഴുകാനെന്ന തരത്തിൽ വാർഡിൽ നിന്നും ഇറങ്ങി രക്ഷപ്പെടുകയായിരുന്നു. ടൗണിൽത്തന്നെ ഇയാളുടെ ചുവന്ന നിറമുള്ള ബൈക്ക് ഉണ്ടായിരുന്നു. ഇതിലാണ് സ്ഥലം വിട്ടതെന്നാണ് വിവരം. സഹോദരൻ രതീഷിനൊപ്പമാണ് തങ്കം കലഞ്ഞൂരിൽ താമസിച്ചുവന്നത്. തങ്കത്തെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ് അധികൃതരും പൊലീസും.