കൊല്ലം: കൊവിഡ്‌ 19 ന്റെ പശ്ചാത്തലത്തിൽ വീടുകളിൽ കഴിയുന്ന കിടപ്പുരോഗികൾക്കും മറ്റു രോഗികൾക്കും ആവശ്യമുള്ള മരുന്നുകൾ വീടുകളിൽ എത്തിക്കാൻ കൊട്ടാരക്കര ചക്കുവരയ്‌ക്കൽ സഹകരണ ആശുപത്രി പദ്ധതി തയ്യാറാക്കി. നാളെ തുടക്കമാകും. വെട്ടിക്കവല പഞ്ചായത്ത്‌ പരിധിയിലെ രോഗികൾക്കാണ്‌ ആദ്യഘട്ടത്തിൽ മരുന്നുകൾ എത്തിക്കുന്നത്‌. വിഡിയോ കോൾ വഴി ഡോക്‌ടറുടെ സേവനവും വരും ദിവസങ്ങളിൽ ലഭ്യമാക്കും.

പ്രമേഹം, ബി.പി, കൊളസ്‌ട്രാൾ എന്നിവയ്‌ക്കുള്ള മരുന്നുകളും പനി, തലവേദന രോഗങ്ങൾക്കുള്ള ജനറിക്ക്‌ മരുന്നുകളും ലഭ്യമാണ്‌. എല്ലാ ദിവസവും രാവിലെ 9.30 മുതൽ വൈകിട്ട്‌ 5വരെ ടെലിഫോൺ വഴി ഡോക്‌ടറുടെ സേവനവും ലഭ്യമാണ്‌. ഡോക്‌ടറുമായി സംസാരിക്കാൻ വിഡിയോകോൾ സംവിധാനവും ലഭ്യമാണ്‌. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ആർക്കും വീടിന്‌ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിൽ മരുന്നുകൾ വാങ്ങുന്നതിന്‌ ഉണ്ടാകുന്ന ബുദ്ധിമുട്ട്‌ ഒഴിവാക്കാനാണ്‌ സഹകരണ ആശുപത്രി മരുന്നുകൾ വീടുകളിൽ എത്തിക്കുന്ന പദ്ധതി ആരംഭിച്ചതെന്ന്‌ പ്രസിഡന്റ് ബി.ആർ ശ്രീകുമാർ പറഞ്ഞു. മരുന്നുകൾക്കും മറ്റു സേവനങ്ങൾക്കും 0474 2409329,9447280555.