parippally

കൊല്ലം: കൊവിഡ് 19 ന്റെ സാമൂഹ്യവ്യാപനം നേരിടാൻ തയ്യാറെടുത്ത് പാരിപ്പള്ളി മെഡിക്കൽ കോളേജ്. 100 കിടക്കകളുള്ള കെട്ടിടം ഇതിനായി തയ്യാറാക്കി. കെട്ടിടത്തിൽ താമസിച്ചിരുന്ന ഡോക്ടർമാരെയും വിദ്യാർത്ഥികളെയും ഒഴിപ്പിച്ച ശേഷമാണ് സംവിധാനങ്ങൾ ഒരുക്കിയത്.

നൂറ് മുറികൾ കിടത്തി ചികിത്സയ്ക്ക് വേണ്ടി മാത്രമാണ് ഉപയോഗിക്കുക. നിരീക്ഷണത്തിന് പ്രത്യേക വാർഡുകളുണ്ട്. നിലവിൽ നീരിക്ഷണത്തിലുള്ള 17 പേർ കഴിയുന്നത് ഈ വാർഡുകളിലാണ്. മെഡിക്കൽ കോളേജിന്റെ തെക്കുള്ള വലിയ കെട്ടിടമാണ് കൊവിഡ് 19 കിടത്തി ചികിത്സയ്ക്ക് സജ്ജമാക്കിയത്. പാരിപ്പള്ളി മെഡിക്കൽ കോളേജിനെ കൊവിഡ് 19 ചികിൽസാ കേന്ദ്രമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചതിനെ തുടർന്നാണ് തയ്യാറെടുപ്പുകൾ ദ്രുതഗതിയിലാക്കിയത്.
ഏപ്രിൽ, മേയ് മാസങ്ങളിലാണ് രോഗ വ്യാപനം പ്രതീക്ഷിക്കുന്നത്. ഈ സമയം കുടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചാൽ ജില്ലയിലും പരിസരത്തുമുള്ള എല്ലായിടത്തുനിന്നും ഏറ്റവും അടുത്തുള്ള പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്കാവും രോഗികളെ കൊണ്ടുവരുക. ഇങ്ങനെ വന്നാൽ എങ്ങനെ പ്രവർത്തിക്കണമെന്ന് ബോദ്ധ്യപ്പെടുത്തുന്ന പ്രത്യേക പരിശീലനവും നടന്നുവരുന്നു. ഡോക്ടർമാരും നഴ്‌സുമാരും കൂടാതെ അവശ്യ സർവീസിന്റെ ഭാഗമായുള്ള വൈദ്യുതി വകുപ്പിലെ ഉദ്യോഗസ്ഥർക്കുവരെ പരിശീലനം നൽകി.

ആരോഗ്യവകുപ്പിന്റെ പ്രത്യേക മുന്നൊരുക്ക പ്രകാരമാണ് പരിശീലനം. ഓരോ ബാച്ചുകളായി ഇപ്പോഴും പരിശീലനം തുടരുകയാണ്. കെട്ടിടം വൃത്തിയാക്കി പൂർണമായും അണുവിമുക്തമാക്കിയാണ് ഓരോ ദിവസവും സംരക്ഷിച്ച് വരുന്നത്. നിലവിൽ കൊവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ള രണ്ടുപേരെ ഇവിടേയ്ക്ക് മാറ്റും.

ഇപ്പോൾ 18 വെന്റിലേറ്ററുകൾ


അടിയന്തര സാഹചര്യം നേരിടാൻ നിലവിൽ 18 വെന്റിലേറ്ററുകളാണ് പാരിപ്പള്ളി മെഡിക്കൽ കോളേജിലുള്ളത്. കൂടാതെ എം.പിമാരായ എൻ.കെ.പ്രേമചന്ദ്രൻ, കെ.സോമപ്രസാദ് എന്നിവരുടെ ഫണ്ടിൽ നിന്ന് അഞ്ചും മൂന്നും വീതം വെന്റിലേറ്ററുകളും വൈകാതെ മെഡിക്കൽ കോളേജിന് ലഭിക്കും. കൂടാതെ ചില പൊതുമേഖലാ സ്ഥാപനങ്ങളും വെന്റിലേറ്റർ സംവിധാനം നൽകാമെന്ന് ഏറ്റിറ്റുണ്ട്. ഇതിനൊപ്പം ആരോഗ്യ വകുപ്പ് മൊത്തത്തിൽ പുതുതായി വാങ്ങുന്ന വെന്റിലേറ്ററുകളും ഇവിടെയെത്തും. പത്ത് ലക്ഷത്തിലേറെയാണ് ഒരു വെന്റിലേറ്ററിന്റെ വില.

''

അടിയന്തര ഘട്ടം ഉണ്ടായാൽ ചികിത്സിക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇപ്പോൾ ഒരുക്കിയിരിക്കുന്ന സൗകര്യങ്ങൾ മതിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജീവനക്കാർക്കുള്ള പ്രത്യേക പരിശീലനം തുടരുന്നു.

ഡോ. ഹബീബ് നസീം

മെഡി. കോളേജ് സുപ്രണ്ട്