ഹോർട്ടി കോർപ്പിന് 23ഉം വി.എഫ്.പി.സി.കെയ്ക്ക് ആറും വിൽപ്പന കേന്ദ്രങ്ങൾ
കൊല്ലം: പച്ചക്കറിയുടെ തീ വില നിയന്ത്രിക്കാൻ ഹോർട്ടികോർപ്പും വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രെമോഷൻ കൗൺസിലും (വി.എഫ്.പി.സി.കെ) വിപണി ഇടപെടൽ സജീവമാക്കി. ജില്ലയിൽ ഹോർട്ടി കോർപ്പിന്റെ 23 വിൽപ്പന കേന്ദ്രങ്ങളും വി.എഫ്.പി.സി.കെ നിയന്ത്രണത്തിലുള്ള ആറ് വിപണന ശാലകളും വിഷരഹിത നാടൻ പച്ചക്കറികൾ പരമാവധി വിലക്കുറവിൽ ജനങ്ങളിലേക്കെത്തിക്കാൻ ശ്രമിക്കുകയാണ്. ജില്ലയിൽ നിന്ന് ശേഖരിക്കാൻ കഴിയാത്ത പച്ചക്കറികൾ അയൽ ജില്ലകളിൽ നിന്നാണ് ഹോർട്ടികോർപ്പ് സംഭരിക്കുന്നത്. മുതലമടയിൽ നിന്ന് മാങ്ങയും വാഴക്കുളത്ത് നിന്ന് കടച്ചക്കയും മൂന്നാറിൽ നിന്ന് കാബേജും കാരറ്റും സംഭരിക്കുന്നുണ്ട്. രാവിലെ ഏഴ് മുതൽ വൈകിട്ട് അഞ്ച് വരെയാണ് പ്രവർത്തന സമയം.
ഹോർട്ടികോർപ്പ് വിപണന കേന്ദ്രങ്ങൾ
കൊട്ടാരക്കര, ഭരണിക്കാവ്, ചക്കുവള്ളി, ഓച്ചിറ, കരുനാഗപ്പള്ളി, കൊല്ലം കളക്ടറേറ്റ്, കൊല്ലം സപ്ലൈകോ, കൊല്ലം കടപ്പാക്കട, ചന്ദനത്തോപ്പ്, കേരളപുരം, ആയൂർ അമ്പലംകുന്ന്, ആയൂർ, കൊട്ടാരക്കര കിഴക്കേതെരുവ്, ആയൂർ, ചടയമംഗലം, നിലമേൽ, കടയ്ക്കൽ, അലയമൺ കരികോൺ, കോട്ടുക്കൽ, ഇടയ്‌ക്കോട്, അഞ്ചൽ, ശാസ്താംകോട്ട കാരാളിമുക്ക്, ഉമയനല്ലൂർ, പവിത്രേശ്വരം പൊരീക്കൽ.
ഹോർട്ടി കോർപ്പ് വില നിലവാരം (കിലോഗ്രാമിന്)
1. സവാള - 39
2. ചെറിയ ഉള്ളി - 95
3. ഉരുള കിഴങ്ങ് - 49
4. ഏത്തക്കായ - 40
5. വെണ്ട- 45
6.നാടൻ പയർ- 60
7. തടിയൻകാ - 22
8. മത്തൻ - 22
9. വെള്ളരി - 26
10. നാടൻ പടവലം - 30
11. തക്കാളി - 40
12.കാബേജ് - 35
13.കാരറ്റ് - 65
സംഭരണം ശക്തമാക്കി
ഹോർട്ടി കോർപ്പ്
ലോക്ക് ഡൗണിൽ ഉത്പന്നങ്ങൾ വിറ്റഴിക്കാനാകെ ബുദ്ധിമുട്ടുന്ന കർഷകരെ സഹായിക്കാൻ ഹോർട്ടി കോർപ്പ് പ്രാദേശിക സംഭരണം ശക്തമാക്കി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വാഹനം അയച്ചാണ് സാധനങ്ങൾ സംഭരിക്കുന്നത്. ഉത്പന്നങ്ങളുടെ വില കർഷകന്റെ ബാങ്ക് അക്കൗണ്ടിലേക്കെത്തും. വി.എഫ്.പി.സി.കെയുടെ വിപണികളിലെത്തിക്കുന്ന സാധനങ്ങൾ വിറ്റ് പോകാതെ വന്നാലും ഹോർട്ടി കോർപ്പ് ഏറ്റെടുക്കുന്നുണ്ട്. ഉത്പന്നങ്ങൾ വിറ്റഴിക്കാൻ ബുദ്ധിമുട്ടുന്ന കർഷകർക്കും വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും ഹോർട്ടികോർപ്പിനെ ബന്ധപ്പെടാം.
കൊല്ലം - 0474 2548626
ചടയമംഗലം - 0474 2477888
''
കർഷകരിൽ നിന്നുള്ള പ്രാദേശിക സംഭരണം ശക്തമാക്കി. വിഷരഹിത ഉൽപ്പന്നങ്ങൾ വിലക്കുറവിൽ ഹോർട്ടികോർപ്പിൽ നിന്ന് വാങ്ങാം.
വി.എസ്.മധു
ജില്ലാ മാനേജർ, ഹോർട്ടി കോർപ്പ്
വി.എഫ്.പി.സി.കെ നിയന്ത്രണത്തിലുള്ള വിപണന ശാലകൾ
കടപ്പാക്കട തളിര്, കൊട്ടാരക്കര തളിര് (നേരിട്ടുള്ള നിയന്ത്രണത്തിൽ), പുത്തൂർ സസ്യ, പിറവന്തൂർ, കല്ലുവാതുക്കൽ, ഓയൂർ (സ്വാശ്രയ കർഷക വിപണികളുടെ നിയന്ത്രണത്തിൽ)
പ്രതിസന്ധി മറികടക്കാൻ
വി.എഫ്.പി.സി.കെ വിപണികൾ
കർഷകരുടെ ഉത്പന്നങ്ങൾ വിറ്റഴിക്കാൻ 23 പ്രധാന വിപണികളും 16 സബ് സെന്ററുകളുമാണ് വി.എഫ്.പി.സി.കെ പ്രവർത്തിപ്പിക്കുന്നത്. ലോക്ക് ഡൗൺ തുടങ്ങിയതോടെ വിപണികളുടെ പ്രവർത്തനം താളം തെറ്റിയിരുന്നു. സർക്കാർ നിർദേശ പ്രകാരം ലേലം ഒഴിവാക്കി വില നിശ്ചയിച്ച് വിൽക്കാൻ തുടങ്ങിയെങ്കിലും ഉത്പന്നങ്ങൾ വിപണികളിലെത്തിക്കാൻ വാഹനമില്ലാത്തത് കർഷകരെ വലച്ചു. ആവശ്യക്കാരുടെ എണ്ണം കുറഞ്ഞതും പ്രതിസന്ധിയായി. എന്നാൽ ഇതിനെ മറികടക്കാനുള്ള ശ്രമങ്ങൾ വി.എഫ്.പി.സി.കെ സജീവമാക്കി. ഉത്പന്നങ്ങളുമായി വിപണിയിലേക്ക് വരുന്ന വാഹനങ്ങൾ പൊലീസ് തടയില്ല. നാടൻ ഉത്പന്നങ്ങളുടെ ആവശ്യം ഏറിയതോടെ കർഷകർ കൊണ്ടുവരുന്ന സാധനങ്ങൾ വിറ്റു പോകുന്ന സ്ഥിതിയുണ്ട്. പൊലീസ് സംരക്ഷണത്തോടെ വിപണി പ്രവർത്തിപ്പിച്ചപ്പോൾ ഏത്തക്കുലയ്ക്ക് 50 മുതൽ 55 രൂപ വരെ കർഷകന് കഴിഞ്ഞ ദിവസം കിട്ടി.
കർഷകർക്ക് വി.എഫ്.പി.സി.കെയെ ബന്ധപ്പെടാം
ജില്ലാ മാനേജർ - 94479 88455
മാർക്കറ്റിംഗ് മാനേജർ - 99473 23485
''
വി.എഫ്.പി.സി.കെയെ ആശ്രയിക്കുന്ന കർഷകർ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പരിമിതികൾക്കിടയിലും കർഷകരെ സഹായിക്കുന്ന തരത്തിൽ വിപണിയിൽ ഇടപെടുന്നുണ്ട്.
ഷീജ മാത്യു
വി.എഫ്.പി.സി.കെ ജില്ലാ മാനേജർ