mask

കൊല്ലം: കൊവിഡ് 19നെ പ്രതിരോധിക്കാൻ സ്വന്തം താടി മാസ്‌കാക്കിയായിരിക്കുകയാണ് രാജൻ. സാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങുന്നവർക്കും പൊലീസ് മാസ്‌ക് നിർബന്ധമാക്കിയപ്പോൾ വീട്ടിനടുത്തുള്ള യുവാവാണ് രാജന് ഈ ബുദ്ധി ഉപദേശിച്ചത്. "അണ്ണനെന്തിനാ മാസ്ക് തിരക്കി നടക്കുന്നത്, താടി ഒന്ന് വളച്ച് കെട്ടിയാൽ പോരേ ?" കേട്ടപാടെ രാജൻ നെഞ്ച് വരെ വളർന്ന താടി മുക്കിന് മുന്നിൽ വരെ വളച്ച് ചരട് കെട്ടി മാസ്കാക്കി. ഇടതൂർന്ന താടിയായതിനാൽ ശ്വാസമെടുക്കാൻ നേരിയ ബുദ്ധിമുട്ടുണ്ടെന്ന് മാത്രം. ഒരു സൂക്ഷ്മാണുപോലും അകത്ത് കടക്കില്ലെന്നാണ് രാജന്റെ വിശ്വാസം. താടി മാസ്കാക്കി നടക്കുന്ന രാജന്റെ ചിത്രം നവമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. തന്റെ താടി മാസ്ക് നാടാകെ ചർച്ചയായ കാര്യം രാജനറിയുന്നത് ഇന്നലെയാണ്. വല്ലഭന് പുല്ലും ആയുധം എന്നാണ് രാജൻ പറയുന്നത്.

ഒന്നരവർഷമായി താടി വളർത്തുന്നു. പന്തൽ കെട്ടാണ് പ്രധാന ജോലിയെങ്കിലും ഇടയ്ക്ക് മരം മുറിക്കാനും പോകും. 60 വയസുണ്ട്. കൊല്ലം അയത്തിൽ കരുത്തുറ ക്ഷേത്രത്തിന് സമീപം കാവുങ്കൽ പടിഞ്ഞാറ്റതിൽ വീട്ടിലാണ് താമസം.