ജില്ലയിൽ ഇപ്പോഴുള്ളത് 9,954 തൊഴിലാളികൾ
കൊല്ലം: ജില്ലയിലെ 4,554 അന്യ സംസ്ഥാന തൊഴിലാളികൾക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങൾ നൽകാനുള്ള നടപടികൾ ഇന്നാരംഭിക്കും. ഓരോ തൊഴിലാളിക്കും അഞ്ച് കിലോ അരി അല്ലെങ്കിൽ നാല് കിലോ ആട്ട, ഉരുളക്കിഴങ്ങ്, സവാള, മഞ്ഞൾപ്പൊടി, മുളക് പൊടി, കടുകെണ്ണ എന്നിവ നൽകാനാണ് ശ്രമിക്കുന്നത്. തൊഴിലാളികൾ കടുകെണ്ണ ആവശ്യപ്പെട്ടെങ്കിലും എത്രത്തോളം ലഭ്യമാക്കാനാകുമെന്ന് ഉറപ്പില്ല. ജില്ലയിലാകെ 9,954 അന്യ സംസ്ഥാന തൊഴിലാളികൾ ഇപ്പോഴുണ്ടെന്നാണ് തൊഴിൽ വകുപ്പിന്റെ കണക്ക്. ഇരപതിനായിരത്തോളം തൊഴിലാളികൾ ജില്ലയിൽ ഉണ്ടായിരുന്നെങ്കിലും പ്രതിസന്ധികൾ തുടങ്ങിയ ഘട്ടത്തിൽ തന്നെ പകുതിയോളം പേർ സ്വദേശങ്ങളിലേക്ക് മടങ്ങി. ജില്ലയിൽ തങ്ങുന്ന തൊഴിലാളികളിൽ 5,400 പേർ കരാറുകാരുടെ തൊഴിലാളികളാണ്. ഇവർക്ക് ഭക്ഷണം നൽകേണ്ട
ചുമതല തൊഴിലുടമയ്ക്കാണ്. സ്വതന്ത്രമായി തൊഴിൽ ചെയ്യുന്നവർക്ക് ഭക്ഷ്യധാന്യങ്ങൾ നൽകേണ്ട ചുമതല സിവിൽ സപ്ലൈസ് വകുപ്പിനാണ്.
സൗജന്യമായി നൽകുന്നവ
അഞ്ച് കിലോ അരി അല്ലെങ്കിൽ നാല് കിലോ ആട്ട ഉരുളക്കിഴങ്ങ് സവാള മഞ്ഞൾപ്പൊടി മുളക് പൊടി കടുകെണ്ണ
''
അന്യ സംസ്ഥാന തൊഴിലാളികൾക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങൾ നൽകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
എ.ബിന്ദു
ജില്ലാ ലേബർ ഓഫീസർ