കൊല്ലം: ജനക്കൂട്ടത്തിനിടയിലെ തിരക്കുകളോട് ബൈ പറഞ്ഞ് ഇത് രണ്ടാം വട്ടമാണ് എൻ.കെ.പ്രേമചന്ദ്രൻ എം.പി വീടിന് പുറത്തിറങ്ങാതെ കഴിയുന്നത്. ആദ്യം ഡെങ്കി വീട്ടിലിരുത്തിയെങ്കിൽ, ഇപ്പോൾ കൊവിഡിന്റെ ഗൃഹനിരീക്ഷണത്തിലാണ്. വിമാനയാത്ര കഴിഞ്ഞ് തിരിച്ചിറങ്ങിയപ്പോഴാണ് സർക്കാർ സംവിധാനം ഗൃഹനിരീക്ഷണം വിധിച്ചത്...
'2003ൽ രാജ്യസഭാംഗമായിരുന്നപ്പോൾ കേരളത്തിൽ പടർന്നുപിടിച്ച. ഡെങ്കിപ്പനിയുടെ ആദ്യ ഇരകളിലൊന്ന് ഞാനായിരുന്നു. ഒരു മാസത്തോളം ആശുപത്രിയിലും രണ്ടു മാസത്തോളം വീട്ടിലും.
ഇപ്പോൾ പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുത്ത ശേഷം മാർച്ച് 20ന് കുടുംബസമേതം വിമാനത്തിൽ നാട്ടിലെത്തി. 21ന് വീണ്ടും മാലിയിൽ നിന്നുള്ള വിമാനത്തിൽ പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ പോയി. 22ന് ഭാര്യ ഗീതയെ തിരുവനന്തപുരത്ത് നിന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വിളിച്ച് നിരീക്ഷണത്തിൽ പോകണമെന്ന് നിർദ്ദേശിച്ചു. 23ന് കൊല്ലം ഡി.എം.ഒ ഓഫീസിൽ നിന്ന് ഉദ്യോഗസ്ഥരെത്തി . 23ന് ഞാനും മടങ്ങിയെത്തി. നിരീക്ഷണത്തിൽ പോകണമെങ്കിൽ അറിയിക്കേണ്ടത് വിമാനത്താവളത്തിൽ വച്ചായിരുന്നു, അതുണ്ടായില്ല. വീട്ടിലെത്തിയപ്പോൾ മുതൽ ആരോഗ്യവകുപ്പിന്റെ നിർദേശമനുസരിച്ചാണ് പ്രവർത്തിക്കുന്നത്'- സ്വതസിദ്ധമായ ചിരിയോടെ എം.പിയുടെ വാക്കുകൾ..
ജനങ്ങളുള്ളപ്പോൾ
എങ്ങനെ ഒറ്റപ്പെടും
കൊല്ലത്തെ വീട്ടിൽ ഭാര്യ ഡോ. ഗീത, മകൻ കാർത്തിക്, മരുമകൾ കാവ്യ എന്നിവരൊടൊപ്പമാണ് പുറത്തിറങ്ങുന്നില്ലെങ്കിലും നിത്യേന ഓരോ ആവശ്യങ്ങളുമായി 65 നും 75 നും ഇടയിൽ ഫോൺ കോളുകൾ . ഒറ്റപ്പെട്ടുപോയി ,രക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് കൂടുതൽ വിളികളും. വിവിധ എം.പിമാരുടെ സഹായത്തോടെ എല്ലാത്തിനും പരിഹാരം കാണും. ഇന്നലെ ഗൾഫിൽ നിന്ന് മലപ്പുറത്ത് രണ്ട് മൃതദേഹങ്ങളെത്തിച്ചു. എംബസി വഴി സഹായം ചെയ്യുന്നുണ്ട്. നാട്ടിൽ പെൻഷൻകാർ മുതൽ പി.എഫ് പെൻഷൻകാർ വരെ വിളിയോടുവിളിയാണ്. ഗൃഹനിരീക്ഷണത്തിലും ജനങ്ങളുടെ പ്രശ്നങ്ങളാണ് ഒന്നാമത്. ഒറ്റപ്പെട്ടെന്ന തോന്നലില്ല-പ്രേമചന്ദ്രൻ പറഞ്ഞു..