v
ഇന്ന് അർദ്ധരാത്രി മുതൽ 756 വള്ളങ്ങൾ കടലിലേക്ക്

 ഹാർബറുകളിൽ ലേലം ഒഴിവാക്കി മുൻകൂട്ടി നിശ്ചയിക്കുന്ന വിലയിൽ വില്പന

കൊല്ലം: കൊവിഡ് 19 പ്രതിരോധ നിയന്ത്രണങ്ങളുടെ ഭാഗമായി കടലിൽ പോകാതിരുന്ന കൊല്ലം തീരത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ വീണ്ടും പണിക്കിറങ്ങുന്നു. തങ്കശേരി മുതൽ പോർട്ട് കൊല്ലം വരെയുള്ള 756 പരമ്പരാഗത വള്ളങ്ങൾ ഒരാഴ്ചയ്ക്ക് ശേഷം ഇന്ന് അർദ്ധരാത്രി മുതൽ കടലിൽ പോകും.

ആൾക്കൂട്ടം ഒഴിവാക്കാൻ സർക്കാർ ലേലം വിലക്കിയതോടെ മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാൻ താല്പര്യമില്ലാതായിരുന്നു. ലോക്ക് ഡൗൺ കാലത്ത് കടലിൽ പോകേണ്ടെന്നും മത്സ്യത്തൊഴിലാളികൾ കൂട്ടായി തീരുമാനിച്ചു. ഇതോടെ മത്സ്യത്തിന് കടുത്ത ക്ഷാമമായി. ഈ സാഹചര്യത്തിലാണ് ഫിഷറീസ് വകുപ്പ് ഇടപെട്ട് മത്സ്യത്തൊഴിലാളികളുമായി ചർച്ച നടത്തി കടലിലേക്ക് പോകാൻ ധാരണയായത്.

വള്ളം അടുപ്പിക്കുന്നത് അഞ്ച് കേന്ദ്രങ്ങളിൽ

നേരത്തെ കൊല്ലം തീരത്ത് അഞ്ച് കേന്ദ്രങ്ങളിൽ വള്ളമടുത്ത് ലേലം നടക്കുമായിരുന്നു. അടുത്തകാലത്തായി പോർട്ട് കൊല്ലം, വാടി എന്നിവിടങ്ങളിൽ മാത്രമാണ് വള്ളമടുത്ത് ലേലം നടക്കുന്നത്. തിരക്കൊഴിവാക്കാൻ നാളെ മുതൽ പോർട്ട് കൊല്ലം, ജോനകപ്പുറം, മൂതാക്കര, വാടി, തങ്കശേരി എന്നിവിടങ്ങളിൽ വള്ളമടുക്കും.

വിൽക്കാൻ ഹാർബർ മാനേജ്മെന്റ് കമ്മിറ്റി

വള്ളങ്ങളിലെത്തിക്കുന്ന മീൻ ലേലം ചെയ്യില്ല. പകരം കളക്ടർ ചെയർമാനും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കൺവീനറുമായ ഹാർബർ മാനേജ്മെന്റ് കമ്മിറ്റി ഓരോ ഇനം മത്സ്യത്തിന്റെയും വില കിലോ കണക്കിൽ നിശ്ചയിക്കും. ഫിഷറീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വില്പനക്കാർക്ക് ടോക്കൺ നൽകി മുൻകൂട്ടി നിശ്ചയിച്ച വിലയുടെ അടിസ്ഥാനത്തിൽ മത്സ്യം വിൽക്കും. വിറ്റുകിട്ടുന്ന തുക വള്ളക്കാർക്ക് ഹാർബ‌ർ കമ്മിറ്റി കൈമാറും. ഇന്ന് അർദ്ധരാത്രി പുറപ്പെടുന്ന വള്ളങ്ങൾ നാളെ രാവിലെ മടങ്ങിയെത്തും. രാവിലെ 7 മുതൽ പത്തുവരെ മൂന്ന് മണിക്കൂർ നേരം മാത്രമാകും എല്ലാ ദിവസവും വില്പന. ലേലം ഇല്ലാത്തതിനാൽ മത്സ്യത്തൊഴിലാളികൾക്ക് നഷ്ടം സംഭവിക്കാത്ത തരത്തിലാകും വില നിശ്ചയിക്കുക.

കൈമറിയുമ്പോൾ വില കയറുമോ ?

വൻകിട കച്ചവടക്കാരാണ് ഇപ്പോൾ ഹാർബറുകളിൽ നിന്ന് മത്സ്യം വാങ്ങാൻ രജിസ്റ്റ‌ർ ചെയ്തിരിക്കുന്നത്. ഇവർ ചില്ലറ കച്ചവടക്കാർക്ക് മറിച്ചു വിൽക്കുമ്പോൾ വലിയ തുക ലാഭം ഈടാക്കിയാൽ വീടിന് മുന്നിലും ചന്തയിലും മത്സ്യം എത്തുമ്പോൾ വില സാധാരണക്കാരന് താങ്ങാനാകാത്തതാകുമെന്ന ആശങ്കയുമുണ്ട്.