കൊല്ലം: കൊവിഡ് 19 പശ്ചാത്തലത്തിൽ സർക്കാർ പ്രഖ്യാപിച്ച സൗജന്യ പലവ്യഞ്ജന കിറ്റ് ജില്ലയിൽ വിതരണത്തിന് സജ്ജമാക്കി തുടങ്ങി. സപ്ലൈകോയുടെ കൊല്ലം, കരുനാഗപ്പള്ളി, പുനലൂർ, കൊട്ടാരക്കര ഡിപ്പോകളിൽ കിറ്റ് തയ്യാറാക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. ഈ ആഴ്ചയിൽ തന്നെ 17 അവശ്യ നിത്യോപയോഗ സാധനങ്ങളടങ്ങിയ കിറ്റ് വിതരണം ചെയ്ത് തുടങ്ങും. ജില്ലയിലെ 7,44,922 റേഷൻ കാർഡ് ഉടമകൾക്കും പലവ്യഞ്ജന കിറ്റുകൾ കിട്ടും. ആയിരം രൂപ മൂല്യം വരുന്ന സാധനങ്ങൾ ഓരോ കിറ്റിലുമുണ്ടാകും. ഓരോ ഡിപ്പോയുടെയും കീഴിൽ പ്രതിദിനം ശരാശരി 5,000 കിറ്റുകളാണ് തയ്യാറാക്കാൻ ശ്രമിക്കുന്നത്. കിറ്റ് തയ്യാറാക്കലിന്റെ പുരോഗതി എല്ലാ ദിവസം രാവിലെ 10നും ഉച്ചയ്ക്ക് ഒന്നിനും വൈകിട്ട് നാലിനും മാനേജിംഗ് ഡയറക്ടർ ഓഫീസിൽ അറിയിക്കണം. വില്പനശാലകളിൽ രാവിലെ 9 മുതൽ വൈകിട്ട് ആറ് വരെ ജീവനക്കാർ കിറ്റ് തയ്യാറാക്കലിന്റെ തിരക്കിലാണ്. സൂപ്പർ മാർക്കറ്റുകളിലെയും മാവേലി സ്റ്റോറുകളിലെയും വിൽപ്പന സമയം രാവിലെ 11 മുതൽ വൈകിട്ട് 5 വരെയാക്കി പുനക്രമീകരിച്ചിരുന്നു. ആദ്യ ഘട്ടത്തിൽ എ.എ.വൈ കാർഡ് ഉടമകൾക്കാണ് കിറ്റുകൾ നൽകുക.
കിറ്റിലുള്ള 17 ഇനങ്ങൾ
1. ഉപ്പ് - ഒരു കിലോ
2. പഞ്ചസാര് - ഒരു കിലോ
3. ചെറുപയർ - ഒരു കിലോ
4. കടല - ഒരു കിലോ
5. വെളിച്ചെണ്ണ - അര കിലോ
6. തേയില - 250 ഗ്രാം
7. ആട്ട - രണ്ട് കിലോ
8. റവ - ഒരു കിലോ
9. മുളക് പൊടി - 100 ഗ്രാം
10. മല്ലിപ്പൊടി - 100 ഗ്രാം
11. തുവര - 250 ഗ്രാം
12. മഞ്ഞൾപ്പൊടി - 100 ഗ്രാം
13. ഉലുവ - 100 ഗ്രാം
14. കടുക് - 100 ഗ്രാം
15. സോപ്പ് - രണ്ടെണ്ണം
16. സൺഫ്‌ലവർ ഓയിൽ - ഒരു ലിറ്റർ
17. ഉഴുന്ന് - ഒരു കിലോ