ithikkara
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൃഷി ചെയ്ത ജൈവ പച്ചക്കറികൾ ചാത്തന്നൂർ ചിറക്കര പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ലൈല വിതരണം ചെയ്യുന്നു

ചാത്തന്നൂർ: ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മണ്ണില്ലാ കൃഷിയിലൂടെ വിളയിച്ചെടുത്ത വിഷരഹിത പച്ചക്കറികൾ ചാത്തന്നൂർ, ചിറക്കര, പഞ്ചായത്തുകളിലെ സമൂഹ അടുക്കളകളിലേക്ക് വിതരണം ചെയ്തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്. ലൈല പഞ്ചായത്ത് പ്രസിഡന്റുമാർക്ക് പച്ചക്കറികൾ കൈമാറി.

ഇത്തിക്കര ബ്ലോക്കിന്റെ 'പോഷകശ്രീ' പദ്ധതിയിൽ ഉൾപ്പെടുത്തി ചാത്തന്നൂർ കൃഷി ഭവൻ മിനി സിവിൽ സ്റ്റേഷന്റെ മട്ടുപ്പാവിൽ കൃഷി ചെയ്തെടുത്ത ചീര, വഴുതനങ്ങ, തക്കാളി എന്നിവയാണ് വിതരണം ചെയ്തത്. ചാത്തന്നൂർ കാർഷിക ബ്ലോക്ക്‌ അസിസ്റ്റന്റ് ഡയറക്ടർ ഷിബു കുമാർ, ഇത്തിക്കര ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി എസ്. ശംഭു, ചാത്തന്നൂർ കൃഷി ഓഫീസർ എസ്. പ്രമോദ്, ചാത്തന്നൂർ കാർഷിക ബ്ലോക്ക്‌ ഡയറക്ടറേറ്റ് ജീവനക്കാരായ എയ്ഞ്ചൽ, സൂര്യ എന്നിവർ പങ്കെടുത്തു.