പുനലൂർ: പുനലൂർ നഗരസഭാ അതിർത്തിയിലെ റേഷൻ കടകളിൽ നിന്നുള്ള സൗജന്യ റേഷൻ അരി വിതരണം മുടങ്ങിയെങ്കിലും ഇന്നലെ ഉച്ചയോടെ വാർഡ് കൗൺസിലർ ഇടപെട്ട് അരിയെത്തിച്ചു. പുനലൂർ പവർഹൗസ്, പേപ്പർമില്ല്, തൊളിക്കോട് തുടങ്ങിയ റേഷൻ കടകളിലെ സൗജന്യ അരി വിതരണമാണ് വ്യാഴാഴ്ച മുതൽ മുടങ്ങിയിരുന്നത്. പവർ ഹൗസ് ജംഗ്ഷനിലെ 12-ാം നമ്പർ റേഷൻ കടയിൽ ഇന്നലെ രാവിലെ 10 മണിയോടെ പത്തോളം സ്ത്രീകൾ സൗജന്യ റേഷൻ വാങ്ങാനെത്തിയെങ്കിലും അരി ലഭിച്ചില്ല. തുടർന്ന് വാർഡ് കൗൺസിലർ ജി. ജയപ്രകാശും നഗരസഭാ പ്രതിപക്ഷ നേതാവ് നെൽസൺ സെബാസ്റ്റ്യനും റേഷൻ കടയിലെത്തി. ഇവർ പുനലൂർ സിവിൽ സപ്ലൈ ഓഫീസിൽ നേരിട്ടെത്തുകയും ഓഫീസർ ജോൺ തോമസുമായി ചർച്ച നടത്തുകയും ചെയ്തു. തുടർന്നാണ് എല്ലാ റേഷൻ കടകളിലും സൗജന്യമായി ലഭിക്കേണ്ട റേഷൻ അരി എത്തിച്ചു നൽകിയത്. നേരത്തേ സ്റ്റോക്കുണ്ടായിരുന്ന അരിയാണ് റേഷൻ കടകളിൽ വിതരണം ചെയ്തു വന്നിരുന്നത്. അതുകൊണ്ടാണ് പുതിയ ലോഡ് ഇറക്കാതിരുന്നതെന്ന് സപ്ലൈ ഓഫീസർ അറിയിച്ചു.