ചാത്തന്നൂർ: ജനങ്ങൾക്കും പരിസ്ഥിതിക്കും ഭീഷണിയായി പന്നി വളർത്തൽ കേന്ദ്രത്തിൽ നിന്ന് മാലിന്യം പുറത്തേക്ക് ഒഴുക്കുന്നു. ചിറക്കര ഗ്രാമപഞ്ചായത്തിലെ പോളച്ചിറ വാർഡിൽ തെങ്ങുവിളയിൽ പോളച്ചിറ ഏലാ ബണ്ടിനോട് ചേർന്നുള്ള സ്വകാര്യ വ്യക്തിയുടെ പന്നി വളർത്തൽ കേന്ദ്രത്തിൽ നിന്നാണ് മാലിന്യം സമീപത്തെ പുരയിടങ്ങളിലേക്ക് ഒഴുക്കി വിടുന്നത്. ദിവസങ്ങളായി പ്രദേശത്തെ വീടുകളിൽ ആഹാരം പാകം ചെയ്യാൻ പോലും സാധിക്കാത്ത വിധം രൂക്ഷഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് പന്നി വിസർജ്യവും അഴുകിയ ആഹാര പദാർത്ഥങ്ങളും തള്ളുന്നതായി ശ്രദ്ധയിൽപ്പെട്ടത്.
നാട്ടുകാർ പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ദീപു, വി.ഇ.ഒ മുഹമ്മദ് സുരാസ് തുടങ്ങിയവർ സ്ഥലത്തെത്തി. മാലിന്യം പുരയിടത്തിൽ തന്നെ സംസ്കരിക്കണമെന്നും അല്ലാത്ത പക്ഷം ലൈസൻസ് റദ്ദാക്കി പന്നി വളർത്തൽ കേന്ദ്രം അടച്ചുപൂട്ടാൻ നടപടി സ്വീകരിക്കുമെന്നും ഇവർ ഉടമയെ അറിയിച്ചു.