ശാസ്താംകോട്ട: പത്തനംതിട്ട സ്വദേശികളെ ഉൾപ്പെടെ പങ്കെടുപ്പിച്ച് ജന്മദിനാഘോഷം നടക്കുന്നുവെന്നറിഞ്ഞ് പരിശോധനയ്‌ക്കെത്തിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ ഗേറ്റ് പൂട്ടിയ ശേഷം വളഞ്ഞുവച്ച് മർദ്ദിച്ചു. ശാസ്താംകോട്ട സി.ഐയുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘമെത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. മൂന്നുപേരെ അറസ്റ്റ് ചെയ്തു.
ഇന്നലെ രാവിലെ 10.30 ഓടെ ഭരണിക്കാവിന് സമീപം അശ്വതിമുക്ക് ഫൈസൽ നിവാസിലാണ് ശാസ്താംകോട്ട പഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ സുനിൽരാജ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഷിബു എന്നിവർക്ക് മർദ്ദനമേറ്റത്. ഇവരെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭരണിക്കാവ് ഫൈസൽ നിവാസിൽ ഫൈസൽ (30), സഹോദരൻ അഫ്‌സൽ (29), ഭാര്യാ പിതാവ് പത്തനംതിട്ട കുമ്പഴ ബാദുഷാ പുരയിടത്തിൽ ഷറഫുദ്ദീൻ (49) എന്നിവരാണ് അറസ്റ്റിലായത്. ജന്മദിനാഘോഷത്തെ കുറിച്ച് പഞ്ചായത്തംഗവും നാട്ടുകാരും അറിയിച്ചതിനെ തുടർന്നാണ് ഉദ്യോഗസ്ഥരെത്തിയത്.
ചടങ്ങിനെത്തിയ പത്തനംതിട്ട സ്വദേശികളെ കുറിച്ച് ആവർത്തിച്ച് ചോദിച്ചിട്ടും മറുപടി നൽകിയില്ല. ഉദ്യോഗസ്ഥർ തിരികെ പോകുന്നില്ലെന്ന് കണ്ടതോടെയാണ് ഗേറ്റ് പൂട്ടി മർദ്ദിച്ചത്. ഇതിനുശേഷം ഉദ്യോഗസ്ഥർ അക്രമം നടത്തിയെന്ന് വരുത്തിത്തീർക്കാൻ വീടിന്റെ ജനൽ ചില്ലുകൾ പ്രതികൾ അടിച്ച് തകർക്കുകയും കാറിന്റെ ചില്ല് തകർക്കാൻ ശ്രമിക്കുകയും ചെയ്തു.
അറസ്റ്റിലായവരെ വിട്ടയയ്ക്കാൻ ഭരണ - പ്രതിപക്ഷ കക്ഷികളിലെ നേതാക്കൾ ശക്തമായ സമ്മർദ്ദം ചെലുത്തിയിട്ടും റിമാൻഡ് റിപ്പോർട്ട് തയ്യാറാക്കി മജിസ്ട്രേറ്റിന് അടുത്തേക്ക് കൊണ്ടുപോവുകയായിരുന്നുവെന്ന് ശാസ്താംകോട്ട സി.ഐ എ.അനൂപ് പറഞ്ഞു.