ഓച്ചിറ: ''അമ്മയുടെ മരുന്ന് തീർന്നു, കരുനാഗപ്പള്ളിയിൽ പോയി മരുന്ന് വാങ്ങുന്നതിന് സഹായിക്കണം.'' ഓച്ചിറ പായിക്കുഴി സ്വദേശി ശാരിക പ്രസാദ് ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ഒരുകൈ സഹായത്തിനായി ഓച്ചിറ എസ്.എെയ്ക്ക് അയച്ച മെസേജാണിത്. ശാരികയുടെ അമ്മ കരുനാഗപ്പള്ളിയിലുള്ള ഡോ. അനിൽകുമാറിന്റെ ചികിത്സയിലാണ്. മൂന്ന് മാസം കൂടുമ്പോഴാണ് ചെക്കപ്പിന് പോകുന്നത്. അവസാനമായി പോയത് നവംബറിലാണ്. ഓച്ചിറയിൽ മരുന്ന് കിട്ടാനില്ല. ലോക്ക് ഡൗൺ കാരണം കരുനാഗപ്പള്ളിയിൽ പോകാൻ മാർഗവുമില്ല. മെസേജ് വായിച്ച ഓച്ചിറ എസ്.എെ ശ്യാംകുമാർ ഉടൻ തന്നെ ശാരികയുമായി ഫോണിൽ ബന്ധപ്പെട്ട് കാര്യങ്ങൾ ചോദിച്ച് മനസിലാക്കി കുറിപ്പടിപ്രകാരമുള്ള മരുന്ന് വാങ്ങി സൗജന്യമായി വീട്ടിൽ എത്തിക്കുകയായിരുന്നു. ശാരീരികമായി അവശയായ അമ്മയും ശാരികയും മാത്രമാണ് വീട്ടിലുള്ളത്. അച്ഛൻ വർഷങ്ങൾക്ക് മുമ്പ് മരിച്ചുപോയി. മരുന്നിന് മാത്രം ആയിരം രൂപയോളമാകും. ഓട്ടോയിൽ കരുനാഗപ്പള്ളിയിൽ പോയി മരുന്ന് വാങ്ങാൻ കൈയിലുള്ള ആയിരം രൂപ തികയാത്തതിനാലാണ് പൊലീസിന്റെ സഹായം തേടിയതെന്ന് ശാരിക പറയുന്നു.