കൊല്ലം: ലോക്ക് ഡൗണിനെ തുടർന്ന് ഫിഷിംഗ് ഹാർബർ അടച്ചതോടെ പട്ടിണിയിലായ ഹാർബറിലെ നായ്ക്കൾക്കും പറവകൾക്കും അന്നമൂട്ടി തീരദേശ പൊലീസ്. ചെറുമത്സ്യങ്ങളുള്ള സ്ഥലത്തുനിന്ന് കൊക്കുകൾക്കും കാക്കകൾക്കും ഉള്ള ഭക്ഷണം കണ്ടെത്തി ദിവസേന നൽകുകയാണ് കോസ്റ്റൽ പൊലീസ് സി.ഐ. എസ്.ഷെരീഫിന്റെ നേതൃത്വത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥർ. സുമനസുകളുടെ സഹായത്തോടെ അരിയും ഇറച്ചിയും സമാഹരിച്ച് സ്റ്റേഷനിൽ തന്നെ ഭക്ഷണം തയ്യാറാക്കി നായ്ക്കൾക്കും നൽകി വരുന്നു. വർഷങ്ങളായി ഹാർബറിൽ തന്നെ ജീവിതം നയിച്ചുവരുന്ന ഒരു കൂട്ടം മനുഷ്യർക്ക് കുടുംബശ്രീയുടെ കമ്മ്യൂണിറ്റി കിച്ചണിന്റെ സഹായത്തോടെ ദിനവും ഉച്ചഭക്ഷണവും എത്തിച്ചു നൽകുന്നുണ്ട്. കോസ്റ്റൽ എസ്.ഐ എം.ഡി പ്രശാന്തൻ, പി.ആർ.ഒ എ.എസ്.ഐ ഡി.ശ്രീകുമാർ, എസ്.അശോകൻ, എസ്.സെബാസ്റ്റ്യൻ, ഷാൻ, നാസർകുട്ടി, ഭുവനദാസ്, രഞ്ജിത്ത്, അനിൽ തുടങ്ങിയ പൊലീസ് ഉദ്യാഗസ്ഥർക്ക് കൂട്ടായി കോസ്റ്റൽ വാർഡന്മാരുമുണ്ട്.