f
ജില്ലയിൽ കൊറോണ ബാധിതരുടെ എണ്ണം നാലായി

കൊല്ലം: ഇന്നലെ രണ്ട് യുവതികൾക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ജില്ലയിൽ കൊവിഡ് 19 ബാധിതരുടെ എണ്ണം നാലായി. കഴിഞ്ഞമാസം അവസാനം മുതൽ തന്നെ മറ്റ് പല ജില്ലകളിലും കൊവിഡ് റിപ്പോർട്ട് ചെയ്തെങ്കിലും ഒരാഴ്ച മുമ്പ് വരെ ജില്ലയിൽ ആർക്കും രോഗം സ്ഥരീകരിച്ചിരുന്നില്ല. ഈ ആശ്വാസത്തിൽ നിൽക്കുമ്പോഴാണ് കൊല്ലത്ത് ആദ്യമായി കഴിഞ്ഞ 27ന് ദുബായിൽ നിന്ന് മടങ്ങിയെത്തിയ പ്രാക്കുളം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചത്. തൊട്ടടുത്ത ദിവസം ഗൾഫിൽ നിന്ന് മടങ്ങിയെത്തിയ ഉമയനല്ലൂർ സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു. അദ്ദേഹം കൊല്ലത്ത് എത്താത്തതിനാൽ ജില്ലയിലെ രോഗ ബാധിതരുടെ കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല.

രണ്ട് ദിവസത്തിന് ശേഷം പ്രാക്കുളം സ്വദേശിയെ പരിച്ചരിച്ച ഭാര്യാ സഹോദരിക്ക് രോഗം സ്ഥിരീകരിച്ചു. ഇതിനുശേഷം ജില്ലയിൽ കൂടുതൽ ആശങ്ക പടർത്തിയാണ് രണ്ട് യുവതികൾക്ക് കൂടി ഇന്നലെ കോവിഡ് സ്ഥരീകരിച്ചത്. ഇവർ നാല് പേരും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെയെല്ലാം ആരോഗ്യനില തൃപ്തികരമാണെന്നാണ് അധികൃതരുടെ വിശദീകരണം.