fish
കരുനാഗപ്പള്ളിയിലെ വിവിധ മത്സ്യവിൽപ്പന കേന്ദ്രങ്ങളിൽ നടത്തിയ പരിശോധന

കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിലെ വിവിധ മത്സ്യവില്പന കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ 120 കിലോ അഴുകിയ മത്സ്യങ്ങൾ പിടിച്ചെടുത്തു. പുള്ളിമാൻ ജംഗ്ഷൻ, പുതിയകാവ് മാർക്കറ്റ്, മുഴങ്ങോട്ടുവിള ജംഗ്ഷൻ എന്നിവിടങ്ങളിലെ മത്സ്യവിപണന സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. പുള്ളിമാൻ ജംഗ്ഷനിൽ നിന്ന് പഴക്കം ചെന്ന അഴുകിയ കേരയും ചൂരയും ഉൾപ്പെടെ 65 കിലോ മത്സ്യം പിടിച്ചെടുത്തു. പുതിയകാവിൽ മത്സ്യമാർക്കറ്റിൽ നിന്ന് 55 കിലോ അഴുകിയ ചൂരയുമാണ് പിടിച്ചെടുത്തത്. ഭക്ഷ്യ സുരക്ഷാ വകുപ്പ്, നഗരസഭാ ആരോഗ്യ വിഭാഗം, പബ്ലിക് ഹെൽത്ത് വിഭാഗം എന്നിവ സംയുക്തമായാണ് പരിശോധന നടത്തിയത്.
ലോക്ക് ഡൗണിന്റെ ഭാഗമായി മത്സ്യബന്ധന തുറമുഖങ്ങൾ അടച്ചിരുന്ന സാഹചര്യത്തിലും വിവിധ സ്ഥലങ്ങളിൽ അഴുകിയ മത്സ്യങ്ങൾ വിൽപ്പന നടത്തുന്നതായി പരാതി ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന താലൂക്ക് തല അവലോകന യോഗത്തിൽ ആരോപണം ഉയർന്നിരുന്നു. മത്സ്യം വാങ്ങിയ നിരവധി പേരും പരാതി ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന ശക്തമാക്കാൻ അധികൃതർ തീരുമാനിച്ചത്.
ഫുഡ് സേഫ്ടി ഓഫീസർ അഞ്ജു, നഗരസഭാ ഹെൽത്ത് ഇൻസ്‌പെക്ടർ മുഹമ്മദ് ഫൈസൽ, ജെ.എച്ച്.ഐ മാരായ അഷ്‌റഫ്, ഗിരീഷ്, പബ്ലിക് ഹെൽത്ത് വിഭാഗം ജെ.എച്ച്.ഐമാരായ അഷ്‌റഫ്, അജയൻ തുടങ്ങിയവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.