ബോളിവുഡിന്റെ സൂപ്പർ നായകനായ ഹൃത്വിക് റോഷൻ തമിഴ്‌നാട്ടിലെ പാഠപുസ്തകത്തിൽ. ലോക്ക് ഡൗൺ സമയത്ത് മക്കളുടെ പാഠപുസ്തകം വായിച്ച് നോക്കിയ ഒരു ആരാധകനാണ് ഇക്കാര്യം പുറം ലോകത്തെ അറിയിച്ചിരിക്കുന്നത്. ചെറുപ്പകാലത്ത് സംസാര വൈകല്യമുണ്ടായിരുന്ന ഹൃത്വിക് റോഷൻ അതിനെ എങ്ങനെ മറികടന്നു എന്നതാണ് തമിഴ്‌നാട്ടിലെ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ആത്മവിശ്വാസം എന്ന അധ്യായത്തിലാണ് ഇത് കൊടുത്തിരിക്കുന്നത്.
സംസാരിക്കുമ്പോൾ ഇടറി പോയതിന്റെ പേരിൽ സ്‌കൂളിൽ വച്ച് കളിയാക്കലുകൾ നേരിട്ടെന്നും അന്ന് കരഞ്ഞ് കൊണ്ടാണ് വീട്ടിൽ എത്തിയതെന്നും പാഠഭാഗത്തിൽ പറഞ്ഞിരിക്കുന്നു. പിന്നീട് ഹൃത്വിക് സ്പീച്ച് തെറാപ്പി ക്ലാസുകളിൽ ചേർന്നു. സംസാര വൈകല്യം മറി കടക്കാൻ കണ്ണാടിയ്ക്ക് മുന്നിൽ നിന്നും മണിക്കൂറുകളോളം വ്യത്യസ്ത വാക്കുകൾ സംസാരിക്കുന്നത് പരിശീലിച്ചു. തേരെ മേരെ ബീച്ച് മെൻ എന്ന ഷോയിലാണ് തനിക്കുണ്ടായിരുന്ന സംസാര വൈകല്യത്തെ കുറിച്ച് ഹൃത്വിക് ആദ്യമായി പറഞ്ഞത്. "നിങ്ങൾ സംസാരിക്കാൻ തുടങ്ങുന്നത് വരെ എല്ലാം സാധാരണമാണെന്ന് തോന്നും. അപ്പോൾ നിങ്ങളുടെ ഹൃദയം മിടിക്കും. സംസാരിക്കാൻ കഴിയാത്തതിന്റെ വേദന നിങ്ങൾക്ക് മനസിലാകില്ല " എന്നും ഹൃത്വിക് പറഞ്ഞിരുന്നു.
രണ്ട് വർഷം മുൻപ് ഹൃത്വിക്കിന്റെ സഹോദരി ഇക്കാര്യം എഴുതിയ ബ്ലോഗ് വലിയ ചർച്ചയായിരുന്നു. അവൻ ജീവിതത്തിലെ വലിയൊരു തടസ്സത്തെ പരാജയപ്പെടുത്തി. അതിനെ മറികടക്കുക അല്ലാതെ അവന്റെ മുന്നിൽ മറ്റ് മാർഗങ്ങളുണ്ടായിരുന്നില്ല. ജീവിക്കാനുള്ള വഴി കണ്ടെത്തുക എന്ന യുദ്ധത്തിൽ അവൻ ജയിച്ചു.വൈകല്യം മറികടക്കാൻ ഹൃത്വിക് മണിക്കൂറുകളോളം ഉറക്കെ വായിക്കുമായിരുന്നു. ചിലപ്പോൾ എല്ലാ ദിവസവും രാവിലെയും രാത്രിയും ഒറ്റയ്ക്ക് ബാത്ത് റൂമിൽ ഇരുന്ന് സംസാരിക്കുന്നത് കാണാം. 22 വർഷം അവൻ അങ്ങനെ ചെയ്തിരുന്നു എന്നുമാണ് സഹോദരി അന്ന് ബ്ളോഗിൽ എഴുതിയിരുന്നത്.