കൊല്ലം: മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു, അമേരിക്കൽ യുവതിയ്ക്ക് ആശ്വാസം! അമേരിക്കൻ സ്വദേശിയായ എഴുത്തുകാരി വനജ ആനന്ദ് ഒരു മാസം മുൻപാണ് കേരളത്തിലെത്തിയത്. പനിയെത്തുടർന്ന് കൊല്ലം ജില്ലാ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. പരിശോധനയിൽ കൊവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചു. ഒരു മാസത്തെ നിരീക്ഷണം വേണമെന്ന് അറിയിച്ചു.
ഓട്ടിസം മേഖലയിൽ രാജ്യാന്തര സേവനം നടത്തുന്ന വനജ ആനന്ദിന് കേരളത്തിൽ ആകെയുള്ള പരിചയം അട്ടപ്പാടിയിലെ എച്ച്.ആർ.ഡി.എസ് സംഘടനാ പ്രവർത്തകരെ മാത്രമാണ്. സംഘടനാ പ്രവർത്തകർ വനജയുടെ നിരീക്ഷണകാലയളവിലെ സംരക്ഷണ ചുമതല ഏറ്റെടുത്തു. അട്ടപ്പാടിയിൽ താമസവും ഒരുക്കി. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ മെഡിക്കൽ ഓഫീസറുടെ സർട്ടിഫിക്കറ്റ് സഹിതം ഇന്നലെ അട്ടപ്പാടിയിലേക്ക് പുറപ്പെട്ടു. എന്നാൽ, പാലക്കാട് മുക്കാലിയിൽ വച്ച് ആംബുലൻസ് പൊലീസ് തടഞ്ഞു. അട്ടപ്പാടി സെൻസിറ്റീവ് ഏരിയ ആയതിനാൽ ആരെയും കടത്തിവിടാനാവില്ലെന്നാണ് അവർ പറഞ്ഞത്. ആരോഗ്യ വകുപ്പ് അധികൃതരും ഇക്കാര്യത്തിൽ ശാഠ്യം പിടിച്ചു. വിദേശ വനിതയാണ് ,രോഗിയാണ് ,കൂടെ ആരുമില്ല എന്ന ന്യായമൊന്നും അവിടെ ഏറ്റില്ല.
വനജയും ആംബുലൻസ് ഡ്രൈവറും മാത്രമേ ആംബുലൻസിൽ ഉള്ളൂതാനും. പിന്നീട് എച്ച്.ആർ.ഡി.എസ് സംഘടനാ പ്രവർത്തകൻ അജികൃഷ്ണൻ വിവരം അറിയുകയും വിവിധ വഴികളിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസിൽ വിവരം എത്തിയ്ക്കുകയും ചെയ്തു. പൊടുന്നനെയാണ് കാര്യങ്ങൾ മാറിയത്. ആംബുലൻസ് മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലേക്ക്, പാലക്കാട് കളക്ടറും ഒറ്റപ്പാലം സബ് കളക്ടറും സജീവമായി ഇടപെട്ടു. തഹസീൽദാർ താലൂക്ക് ആശുപത്രിയിലെത്തി. വനജ ആനന്ദിന് ചികിത്സ, കെ.ടി.ഡി.സിയിൽ താമസം, ഭക്ഷണം എല്ലാം ജില്ലാഭരണകൂടം ഏർപ്പാടാക്കി.
വനജ ആനന്ദിന് ഹീമോഗ്ലോബിന് കുറവായതിനു തുടർചികിത്സ നൽകുമെന്നും സബ് കളക്ടർ അറിയിച്ചു. അപ്പപ്പോൾ സ്വീകരിക്കുന്ന നടപടികൾ ബന്ധപ്പെട്ടവരെ ഫോണിൽ വിളിച്ച് അറിയിച്ച സബ് കളക്ടർ ഈ സർക്കാരിന്റെ പ്രവർത്തനരീതി തെളിയിക്കുകയായിരുന്നു. ഇപ്പോൾ അമേരിക്കൻ യുവതി വലിയ ആശ്വാസത്തിലാണ്. കരുതലിന്റെ കരങ്ങളാണ് കേരളത്തിലുള്ളതെന്ന് അവർ തിരിച്ചറിഞ്ഞ് പറഞ്ഞുകൊണ്ടേയിരിക്കുന്നു.