കൊല്ലം: കൊല്ലം സബ് കളക്ടർ അനുപം മിശ്രയ്ക്ക് പിന്നാലെ ഗൺമാനും ഡ്രൈവറും കൊവിഡ് നിരീക്ഷണ സംവിധാനം ലംഘിച്ചു, ഇരുവർക്കുമെതിരെ കേസെടുത്തു. സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തു. ഗൺമാൻ സുജിത്ത്, ഡ്രൈവർ രാജേഷ് എന്നിവരെയാണ് വകുപ്പ് തല അച്ചടക്ക നടപടിയുടെ ഭാഗമായി സസ്പെൻഡ് ചെയ്തത്. രോഗം പടർത്തുന്നതിനുള്ള സാഹചര്യം മന:പൂർവ്വം ഒരുക്കുക, സർക്കാർ നിർദ്ദേശങ്ങൾ ലംഘിക്കുക തുടങ്ങി വിവിധവ വകുപ്പുകൾ ചേർത്താണ് ഇരുവർക്കുമെതിരെ കേസെടുത്തത്. രണ്ടുവർഷംവരെ തടവും പിഴയും ലഭിക്കാവുന്ന തരത്തിലാണ് വകുപ്പുകൾ.
2016 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥനായ അനുപം മിശ്ര വിവാഹത്തിനായി അവധിയെടുത്ത് ഉത്തർ പ്രദേശിൽ പോയശേഷം മാർച്ച് 18ന് കൊല്ലത്ത് തിരിച്ചെത്തി ജോലിയിൽ പ്രവേശിച്ചിരുന്നു. എന്നാൽ 19 മുതൽ ഇദ്ദേഹത്തെ കൊവിഡുമായി ബന്ധപ്പെട്ട നിരീക്ഷണത്തിലാക്കി. ഡ്രൈവർ രാജേഷ്, ഗൺമാൻ സുജിത്ത് എന്നിവർക്കും നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശം നൽകിയിരുന്നു. നിരീക്ഷണത്തിൽ കഴിയവെ എൻ.ജി.ഒ ക്വാർട്ടേഴ്സിലെ ഔദ്യോഗിക വസതിയിൽ നിന്നും അനുപം മിശ്ര കാൺപൂരിലേക്ക് മുങ്ങി. പിന്നീട് ഇദ്ദേഹത്തിനെതിരെ കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുക്കുകയും സർവ്വീസിൽ നിന്നും സസ് പെൻഡ് ചെയ്യുകയുമുണ്ടായി. ഇതിന് ശേഷം സുജിത്തിനെയും രാജേഷിനെയും പൊലീസും ആരോഗ്യ പ്രവർത്തകരും നിരീക്ഷിച്ചപ്പോഴാണ് ഇരുവരും നിബന്ധനകൾ ലംഘിച്ച വിവരങ്ങൾ അറിഞ്ഞത്. സൈബർ സെല്ലിന്റെ സഹായത്തോടെ ഇവരുടെ ഫോൺ വിവരങ്ങളും ലൊക്കേഷനും പൊലീസ് എടുത്തിട്ടുണ്ട്. തുടർന്നാണ് സസ്പെൻഷൻ നടപടികളും കേസുമെടുത്തത്.