കിറ്റിൽ ഉൾപ്പെട്ട ഇനങ്ങളുടെ വില്പനയ്ക്ക് നിയന്ത്രണം
കൊല്ലം: ആവശ്യത്തിന് സ്റ്റോക്കില്ലാത്തതിനാൽ സർക്കാർ പ്രഖ്യാപിച്ച സൗജന്യ കിറ്റിൽ ഉൾപ്പെട്ട ഇനങ്ങളുടെ വില്പനയ്ക്ക് സപ്ലൈകോയിൽ രഹസ്യമായി നിയന്ത്രണം ഏർപ്പെടുത്തി. ഉള്ള സ്റ്റോക്ക് പൂർണമായും സൗജന്യ കിറ്റ് നിറയ്ക്കാനായി ഉപയോഗിക്കുകയാണ്.
കിറ്റിൽ ഉൾപ്പെട്ട സാധനങ്ങൾ ആവശ്യപ്പെട്ടെത്തുന്ന ഉപഭോക്താക്കളെ സ്റ്റോക്കില്ലെന്ന് പറഞ്ഞ് മടക്കി അയയ്ക്കുകയാണ്. എത്തുന്ന സ്റ്റോക്ക് പൂർണമായു കിറ്റ് നിറയ്ക്കാൻ നീക്കിവച്ചാൽ ഈമാസം സപ്ലൈകോയിൽ നിന്ന് സബ്സിഡി ഇനങ്ങൾ ഒരുപക്ഷെ ഒന്നും ലഭിച്ചേക്കില്ല.
ഈമാസം 4 മുതൽ സൗജന്യ കിറ്റ് വിതരണം ആരംഭിക്കാനാണ് സപ്ലൈകോ ഡിപ്പോ മാനേജർമാർക്ക് ആദ്യ നൽകിയിരുന്ന നിർദ്ദേശം. ഇപ്പോൾ ഏപ്രിൽ ആദ്യവാരം ആരംഭിക്കുമെന്ന നിലപാടിലേക്ക് അധികൃതർ മാറിയിട്ടുണ്ടെങ്കിലും സ്റ്റോക്ക് എത്താൻ വൈകിയാൽ വിതരണം വീണ്ടും വൈകാനാണ് സാദ്ധ്യത. ഇപ്പോൾ സൗജന്യ കിറ്റ് വിതരണത്തിനായി സ്റ്റോക്കുള്ള ഇനങ്ങളുടെ പായ്ക്കിംഗാണ് നടക്കുന്നത്.
സ്റ്റോക്ക് കുറവുള്ള ഇനങ്ങൾ
കിറ്റിൽ ഉൾപ്പെട്ട പഞ്ചസാര, വെളിച്ചെണ്ണ, ചെറുപയർ, ആട്ട, റവ, മുളക് പൊടി, മല്ലിപ്പൊടി, തുവര പരിപ്പ്, മഞ്ഞൾപ്പൊടി, ഉഴുന്ന് തുടങ്ങിയ ഇനങ്ങളുടെ സ്റ്റോക്കിലാണ് വലിയ കുറവുള്ളത്. പഞ്ചസാര ഇന്നലെ ജില്ലയിലെ ചില ഔട്ട് ലെറ്റുകളിലെത്തിയെങ്കിലും അത് എ.എ.വൈ വിഭാഗത്തിനുള്ള കിറ്റ് തയ്യാറാക്കാനെ തികയുകയുള്ളു. സൗജന്യ കിറ്റ് വിതരണത്തിന് മാത്രം ജില്ലയിൽ 7,44,922 കിലോ പഞ്ചസാര വേണം. ഓരോ കിലോ വീതം പ്രഖ്യാപിച്ചിട്ടുള്ള കടല, ഉഴുന്ന് ചെയറുപയർ തുടങ്ങിയ ഇനങ്ങളും ഇതേ അളവിൽ വേണം. കിറ്റിൽ ഉൾപ്പെട്ടിട്ടുള്ളതല്ലെങ്കിലും അരി മാത്രമാണ് എല്ലാ ഔട്ട് ലെറ്റുകളിലും ആവശ്യത്തിനുള്ളത്. എ.എ.വൈ കാർഡുകാർക്കുള്ള വിതരണം കഴിഞ്ഞ ശേഷം മുൻഗണനാ, മുൻഗണനേതര സംസ്ഥാന സബ്സിഡി വിഭാഗം, മുൻഗണനേതര വിഭാഗം എന്നീ ക്രമത്തിലാകും വിതരണം.
വിതരണം ഇ- പോസ് വഴി
റേഷൻ ഭക്ഷ്യധാന്യം വിതരണം ചെയ്യുന്നത് പോലെ ഇ- പോസ് യന്ത്രങ്ങൾ വഴിയാകും സൗജന്യ കിറ്റ് വിതരണം ചെയ്യുക. തട്ടിപ്പിനുള്ള ശ്രമങ്ങൾ തടയാൻ ആധാർ നമ്പർ ഉപയോഗിച്ചാകും വിതരണം.
''
ചിലയിടങ്ങളിൽ ആവശ്യത്തിന് സ്റ്റോക്കില്ലാത്ത പ്രശ്നമുണ്ട്. ചെറുപയർ അടക്കമുള്ള സാധനങ്ങൾ കർണാടകയിൽ നിന്നാണ് വരുന്നത്. അവിടെ നിന്ന് വാഹനം കടത്തിവിടാത്തതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ട്. സ്റ്റോക്ക് എത്തിയാൽ പ്രശ്നം പരിഹരിക്കപ്പെടും.
പി.തിലോത്തമൻ, മന്ത്രി