വില്പന രാവിലെ 7 മുതൽ 10 വരെ
കൊല്ലം: ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം കൊല്ലം തീരത്തെ അഞ്ച് മത്സ്യഗ്രാമങ്ങളിലെ വള്ളങ്ങൾ ഇന്നലെ ആർദ്ധരാത്രി കടലിലേക്ക് കുതിച്ചു. എന്നാൽ ഹാർബറുകളിൽ പഴയതുപോലെ ലേലത്തിന്റെ ആരവങ്ങളുണ്ടാകില്ല. മത്സ്യഫെഡ് നിശ്ചയിച്ച വില പ്രകാരം കിലോ നിരക്കിൽ നിശ്ചിത രൂപയ്ക്കാകും വില്പന.
ഫിഷറീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മൊത്തകച്ചവടക്കാർക്ക് ഹാർബർ കേന്ദ്രീകരിച്ചും ചില്ലറ വില്പനക്കാർക്ക് മത്സ്യത്തൊഴിലാളി സംഘങ്ങൾ വഴിയും മത്സ്യഫെഡ് വഴിയുമാണ് വില്പന. ആൾക്കൂട്ടം ഒഴിവാക്കാൻ എല്ലാ വിഭാഗങ്ങൾക്കുമുള്ള വില്പന ടോക്കൺ അടിസ്ഥാനത്തിലാകും. രാവിലെ 7 മുതൽ 10 വരെയാണ് വില്പനയുടെ സമയം. ഹാർബർ മാനേജ്മെന്റ് കമ്മിറ്റിയിൽ നിന്ന് മത്സ്യം വാങ്ങാൻ ഇതുവരെ 40 ഓളം മൊത്തക്കച്ചവടക്കാർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പോർട്ട് കൊല്ലം, ജോനകപ്പുറം, മൂതാക്കര, വാടി, തങ്കശേരി എന്നിവിടങ്ങളിൽ നിന്നാണ് വള്ളങ്ങൾ കടലിലേക്ക് പോയത്. ഇവ പുറപ്പെട്ട സ്ഥലത്ത് തന്നെ തിരിച്ച് അടുപ്പിക്കണമെന്ന് കർശന നിർദ്ദേശമുണ്ട്. ഫിഷറീസ് വകുപ്പ്, ഹാർബർ എന്നീ വകുപ്പുകൾക്ക് പുറമേ പൊലീസിന്റെ സാന്നിദ്ധ്യവും ഹാർബറുകളിലുണ്ടാകും.
മത്സ്യവില്പനയ്ക്ക് വിലയായി
മത്സ്യബന്ധനം നിലയ്ക്കുന്നതിന് മുമ്പുള്ള ഒരാഴ്ചകാലത്തെ ലേലത്തുകയുടെ ശരാശരി കണക്കാക്കി ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന മത്സ്യങ്ങൾക്ക് കിലോ നിരക്കിൽ വില നിശ്ചയിച്ചിട്ടുണ്ട്.
ഇനം വില (കിലോയ്ക്ക്)
നെയ്‌മീൻ ചെറുത്: 500
നെയ്‌മീൻ വലുത്: 570
ചൂര ചെറുത്: 200
പൊള്ളൻ ചൂര: 150
കണ്ണൻ അയല ചെറുത്: 230
കണ്ണൻ അയല വലുത്: 180
ചാള: 170
അയല: 270
നെത്തോലി: 100
വേള പാര: 390
അന്തിപ്പച്ച ഇന്ന് മുതൽ
കൂടുതൽ സ്ട്രോംഗാകും
മത്സ്യത്തൊഴിലാളികൾ കടലിൽ പോക്ക് നിറുത്തിയതോടെ മത്സ്യലഭ്യത കുറഞ്ഞ് അന്തിപ്പച്ച മൊബൈൽ വാഹനങ്ങളിലെ കച്ചവടവും മങ്ങിയിരുന്നു. നേരത്തെ ഒരോ വാഹനത്തിലും ഒരുലക്ഷം രൂപയുടെ വരെ കച്ചവടം നടക്കുമായിരുന്നു. ഇത് കഴിഞ്ഞ ദിവസങ്ങളിൽ 50,000ത്തിൽ താഴേക്ക് ഇടിഞ്ഞിരുന്നു. മത്സ്യം കൂടുതൽ കിട്ടിത്തുടങ്ങുന്നതോടെ ഇന്ന് അന്തിപ്പച്ചയിലെ കച്ചവടവും കൂടുതൽ ശക്തിപ്പെടുത്തും.
അന്തിപ്പച്ച സ്പോട്ടുകൾ
കുണ്ടറ: 9188524386
കണ്ണനല്ലൂർ, കരിക്കോട്: 9526041672
കൊട്ടാരക്കര മുനിസിപ്പാലിറ്റി: 8606687968