c

 ഉടമയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു

കൊല്ലം: പള്ളിത്തോട്ടത്തെ സ്വകാര്യ പൊടിപ്പ് മില്ലിൽ നിന്ന് പത്ത് ചാക്ക് റേഷൻ ധാന്യങ്ങൾ പൊലീസ് പിടിച്ചെടുത്തു. പള്ളിത്തോട്ടം ഫാത്തിമ ഫ്ലവർ മിൽ ഉടമ ഫാറൂഖിനെ (70) അറസ്റ്റ് ചെയ്തു. പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ ഉച്ചയോടെയാണ് പരിശോധന നടത്തിയത്. ഒരു ചാക്കിൽ ഗോതമ്പും ഒൻപത് ചാക്കിൽ അരിയും കണ്ടെത്തിയതോടെ പെലീസ് വിവരം സിവിൽ സപ്ലൈസ് വകുപ്പിനെ അറിയിച്ചു.

താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരെത്തിയാണ് ഇത് റേഷൻ ധാന്യങ്ങളാണെന്ന് സ്ഥിരീകരിച്ചത്. പിടിച്ചെടുത്ത ധാന്യങ്ങൾ പള്ളിത്തോട്ടം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. വലിയ അളവിൽ റേഷൻ ധാന്യങ്ങൾ പൊടിപ്പ് മില്ലിലെത്തിയതിനെ കുറിച്ച് പൊലീസും സിവിൽ സപ്ലൈസ് വകുപ്പും അന്വേഷണം ആരംഭിച്ചു. സൗജന്യ റേഷൻ വിതരണം ആരംഭിക്കുകയും വൻ തോതിൽ ജനങ്ങൾ റേഷൻ കടകളിൽ എത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ റേഷൻ കടകളിൽ നിന്ന് കടത്തിയതാകാൻ സാദ്ധ്യതയില്ലെന്നാണ് പ്രാഥമിക നിഗമനം.

സൗജന്യ റേഷൻ വാങ്ങിയവരിൽ നിന്ന് ചെറിയ വില കൊടുത്ത് ധാന്യങ്ങൾ വാങ്ങിയതാണെന്ന സംശയത്തെ പിന്തുടർന്നാണ് പൊലീസ് അന്വേഷണം. ചെറിയ വില കൊടുത്ത് വാങ്ങിയ അരിയും ഗോതമ്പും പൊടിച്ച് ഇവിടെ തന്നെ വിപണനം നടത്തുകയായിരുന്നു ലക്ഷ്യമെന്നും പൊലീസ് സംശയിക്കുന്നു. കൊവിഡ് 19 കാലത്തെ ലോക്ക് ഡൗൺ പ്രതിസന്ധിയെ മറികടക്കാൻ സർക്കാർ നൽകിയ സൗജന്യ റേഷൻ കരിഞ്ചന്തയിലേക്ക് പോകുന്ന സാഹചര്യത്തെ പൊലീസും സിവിൽ സപ്ലൈസും ഗൗരവത്തോടെയാണ് കാണുന്നത്. മറ്റിടങ്ങളിലും സമാന സാദ്ധ്യതയുണ്ടോ എന്നറിയാൻ ഗൗരവമായ പരിശോധനയും നിരീക്ഷണവും തുടങ്ങി. കൊവിഡ് 19 ന്റെ പ്രത്യേക സാഹചര്യത്തിൽ ഫാറൂഖിന് സ്റ്റേഷൻ ജാമ്യം നൽകി.