കൊല്ലം: പൊലീസ് ജീപ്പിൽ നിന്ന് സി.ഐ ഇറങ്ങിവരുന്നത് കണ്ടപ്പോൾ 12 വയസുകാരൻ ആദ്യമൊന്ന് ഭയന്നു. 'ദേ ഇത് പാകം ചെയ്ത് കഴിക്ക്, ഒരാഴ്ചത്തേക്കുണ്ട് '. കൊല്ലം ഈസ്റ്റ് സി.ഐ ഇങ്ങനെ പറഞ്ഞപ്പോൾ ആ ബാലന്റെ ചുവന്നിരുന്ന കണ്ണ് നിറഞ്ഞു. ഇടറിയ വാക്കുകളാൽ പറഞ്ഞു; 'സി.ഐ സർ, ധന്യവാദ് '.
ടൗൺ അതിർത്തിയിൽ റോഡരികിൽ ശില്പങ്ങൾ വിറ്റുജീവിക്കുന്ന ആഗ്ര സ്വദേശികളായ അച്ഛനും മകനുമാണ് ഈസ്റ്റ് സി.ഐ രാജേഷിന്റെ നേതൃത്വത്തിൽ ഭക്ഷ്യവസ്തുക്കൾ എത്തിച്ചത്. റോഡരികിൽ ടെന്റ് കെട്ടിയാണ് ഇവരുടെ താമസം. ലോക്ക് ഡോൺ പ്രഖ്യാപിച്ചതോടെ കച്ചവടമില്ലാതായി. കൈയിലുണ്ടായിരുന്ന പണവും തീർന്നു. വ്യാഴാഴ്ച രാവിലെ അരിയും തീർന്നു. വൈകിട്ട് അതുവഴി വന്ന ഈസ്റ്റ് സി.ഐക്ക് അച്ഛന്റെയു മകന്റെയും അവസ്ഥ ബോദ്ധ്യമായി. ഉടൻ ഒരാഴ്ചത്തേക്കുള്ള ഭക്ഷ്യവസ്തുക്കൾ വാങ്ങി നൽകുകയായിരുന്നു. എന്താവശ്യമുണ്ടെങ്കിലും വിളിക്കണമെന്ന് പറഞ്ഞ് ഫോൺ നമ്പരും നൽകിയാണ് പൊലീസ് സംഘം മടങ്ങിയത്.