കൊല്ലം: കൊവിഡ് 19 നിരീക്ഷണത്തിലിരിക്കെ കൊല്ലത്തെ ഔദ്യോഗിക വസതിയിൽ നിന്ന് കാൺപൂരിലേക്ക് മുങ്ങിയ മുൻ സബ് കളക്ടർ അനുപം മിശ്രയുടെ ഡ്രൈവർ, ഗൺമാൻ എന്നിവരെ സസ്‌പെൻഡ് ചെയ്തു. ഗൺമാൻ കൊല്ലം എ.ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസർ എൻ.എസ്.സുജിത്ത്, ഡ്രൈവർ പടിഞ്ഞാറെകല്ലട സ്വദേശി എസ്.സന്തോഷ് കുമാർ എന്നിവരാണ് സസ്പെൻഷനിലായത്.
ഗൃഹ നിരീക്ഷണത്തിൽ കഴിയണമെന്ന ആരോഗ്യവകുപ്പിന്റെ നിർദേശം അവഗണിച്ചതിനാണ് നടപടി. സുജിത്തിനെതിരെ കൊല്ലം ഈസ്റ്റ് പൊലീസും സന്തോഷിനെതിരെ ശാസ്താംകോട്ട പൊലീസും പകർച്ചവ്യാധി ഓർഡിനൻസിന്റെ അടിസ്ഥാനത്തിൽ കേസെടുത്തു. രണ്ടുവർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയത്.
തേവള്ളിയിലെ ഔദ്യോഗിക വസതിയിലെ നിരീക്ഷണത്തിൽ നിന്ന് ചാടിപ്പോയ അനുപം മിശ്രയെ കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ മാസം 27ന് സസ്പെൻഡ് ചെയ്തിരുന്നു. സിംഗപ്പൂരിലും മലേഷ്യയിലും പോയിവന്ന അനുപം മിശ്ര തന്റെ ഓഫീസിൽ ചുമതല ഏറ്റെടുത്ത ഉടൻ ഗൃഹ നിരീക്ഷണത്തിൽ പോകാൻ കളക്ടർ നിർദേശിച്ചിരുന്നു. മൂന്ന് ദിവസത്തിന് ശേഷം ആരോഗ്യ പ്രവർത്തകർ ഔദ്യോഗിക വസതിയിലെത്തിയപ്പോൾ അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ല. തുടർന്ന് കളക്ടർ വിളിച്ചപ്പോഴാണ് കാൺപൂരിലെത്തിയ കാര്യം നാടറിഞ്ഞത്.