500 ലിറ്റർ വാഷും ഒന്നര ലിറ്റർ ചാരായവും പിടിച്ചെടുത്തു
കൊല്ലം: ചാരായം വാറ്റി വിപണനം നടത്തിയ യുവാവിനെ കണ്ണനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു.
പള്ളിമൺ കിഴക്കേക്കര, തട്ടാരഴികത്ത് വീട്ടിൽ ഷൈനുവാണ് (42) അറസ്റ്റിലായത്. ആവശ്യക്കാർക്ക് മൊബൈൽ ഫോൺ വഴി കച്ചവടം ഉറപ്പിച്ച് വിതരണം നടത്തിവരവേയാണ് അറസ്റ്റിലായത്. ജില്ലാ പൊലീസ് മേധാവി ടി.നാരായണന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചാത്തന്നൂർ എ.എസി.പി ജോർജ് കോശിയുടെ നിർദ്ദേശാനുസരണം കണ്ണനല്ലൂർ ഇൻസ്പെക്ടർ എസ്.എച്ച്.ഒ യു.പി.വിപിൻകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ രഹസ്യനീക്കത്തിലാണ് മുൻ കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥനായ ഷൈനു അറസ്റ്റിലായത്. 500 ലിറ്റർ വാഷും ഒന്നര ലിറ്റർ ചാരായവും പിടിച്ചെടുത്തു. വ്യാജമദ്യ നിർമ്മാണത്തിനായി ഉപയോഗിച്ചിരുന്ന യൂണിറ്റും പിടിച്ചെടുത്തു.
ലിറ്ററിന് 900 രൂപ നിരക്കിലായിരുന്നു കച്ചവടം. ചാരായം വാങ്ങിയവരെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു. വീടിനകത്തും പരസരത്തും കക്കൂസിലും മറ്റുമായാണ് വാറ്റുപകരണങ്ങളും വാഷും സൂക്ഷിച്ചിരുന്നത്. സംഘത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുള്ളതായാണ് വിവരം.
കൊട്ടാരക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രിൻസിപ്പൽ എസ്.ഐ നിയാസ്, സുന്ദരേശൻ, എ.എസ്.ഐമാരായ പ്രദീപ്, സതീഷ് കുമാർ, സി.പി.ഒമാരായ ഷെമീർഖാൻ, അരുൺ കുമാർ, മണികണ്ഠൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.