ശാസ്താംകോട്ട: സർക്കാർ നിർദേശം ലംഘിച്ച് ജുമാ നമസ്കാരം നടത്തിയ ജമാഅത്ത് ഭാരവാഹികൾ അടക്കം ഒൻപത് പേരെ ശൂരനാട് പൊലീസ് അറസ്റ്റ് ചെയ്തു. ശൂരനാട് വടക്ക് തെക്കേമുറി ഭാഗത്തെ പള്ളിയിലാണ് വിലക്ക് ലംഘിച്ച് നമസ്കാരം നടത്തിയത്. കൊവിഡ് വ്യാപനം ഒഴിവാക്കാനായി സർക്കാർ നിർദേശം വന്നതിന് ശേഷം ശൂരനാട് പൊലീസ് ജമാഅത്തുകൾക്ക് നോട്ടീസ് നൽകിയിരുന്നു. ഇത് ലംഘിച്ച് പുറത്ത് നിന്ന് നോക്കിയാൽ യാതൊരു തരത്തിലുള്ള സംശയത്തിനും ഇടനൽകാതെ പള്ളിയുടെ രണ്ട് ഗേറ്റുകളും അടച്ചിട്ട് രഹസ്യമായാണ് നമസ്കാരം നടത്തിയത്. ശൂരനാട് പ്രദേശത്ത് നിന്ന് കച്ചവടത്തിനായി വിവിധ ജില്ലകളിൽ പോയശേഷം ഗൃഹനിരീക്ഷണത്തിൽ കഴിയുന്നരും നമസ്കാരത്തിന് എത്തിയിരുന്നു. കഴിഞ്ഞ ദിവസം ഗൃഹനിരീക്ഷണം ലംഘിച്ച ഒരാളെ പൊലീസ് ഇടപെട്ട് ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലാക്കി.