photo

കൊല്ലം: സൗദിയിൽ ജോലി ചെയ്തിരുന്ന മലയാളി നഴ്സ് രോഗബാധയെ തുടർന്ന് മരിച്ചു. പുനലൂർ കരവാളൂർ ലിജി ഭവനിൽ ശീമോൻ അംബ്രോസിന്റെ മകൾ ലിജി സിബിയാണ് (31) സൗദി അറേബ്യയിലെ അബഹയിൽ മരിച്ചത്. സൗദിയിൽ ആരോഗ്യ മന്ത്രാലയത്തിലെ നഴ്സായിരുന്നു. സൗദിയിൽ ഉദ്യോഗസ്ഥനായ ശാസ്താംകോട്ട ചക്കുവള്ളി സ്വദേശി സിബിയാണ് ഭർത്താവ്. ഏകമകൾ മൂന്ന് വയസുള്ള ഇമാന ഇപ്പോൾ നാട്ടിലാണ്. പുനലൂർ വിളക്കുവെട്ടത്ത് നിന്ന് കരവാളൂരിൽ സ്ഥിരതാമസമാക്കിയതാണ് ഇവരുടെ കുടുംബം. ശ്വാസകോശ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു ലിജി. രണ്ടുമാസം മുമ്പ് നാട്ടിലെത്തിയപ്പോഴും ചികിത്സയിലായിരുന്നു. അവധി കഴിഞ്ഞ് സൗദിയിലെത്തി ആശുപത്രിയിൽ ചികിത്സ തുടരുകയായിരുന്നു. ഇതിനിടയിൽ കൊവിഡ് രോഗികൾക്കായി ആശുപത്രി ക്രമീകരിക്കുന്നതിന്റെ ഭാഗമായി മറ്റു രോഗികളെ ഒഴിപ്പിച്ച കൂട്ടത്തിൽ ലിജിയെയും ഡിസ്ചാർജ് ചെയ്തു. താമസ സ്ഥലത്തെത്തിയെങ്കിലും രോഗം മൂർച്ഛിച്ചതിനെ തുടർന്നായിരുന്നു മരണം. മൃതദേഹം നാട്ടിലെത്തിക്കാൻ വിമാന സർവീസുകൾ ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. മാതാവ്: ലിസി ശീമോൻ, സഹോദരി സിജി ലിജു.