ചാത്തന്നൂർ: ഇത്തിക്കര ബ്ലോക്കിലെ അഞ്ച് പഞ്ചായത്തുകളിലായി പതിനാറ് ക്യാമ്പുകളിൽ കഴിയുന്ന 167 അന്യസംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ലൈല ചിറക്കര പഞ്ചായത്തിലെ മാലാക്കായൽ കോളനിയിലെ ക്യാമ്പിൽ ഭക്ഷ്യവസ്തുക്കൾ അടങ്ങിയ കിറ്റ് വിതരണം ചെയ്തുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. സർക്കാർ നിർദ്ദേശ പ്രകാരമുള്ള ഇനങ്ങൾ ഉൾപ്പെടുത്തി 13 ദിവസത്തേക്കുള്ള കിറ്റാണ് നൽകിയത്. രണ്ടാഴ്ചയ്ക്ക് ശേഷം അടുത്തഘട്ട വിതരണം നടത്തും. ചിറക്കര പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ദീപു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ. സുന്ദരേശൻ, ഡി. ഗിരികുമാർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പ്രേമചന്ദ്രൻ ആശാൻ, ഉല്ലാസ് കൃഷ്ണൻ, രാം കുമാർ രാമൻ, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്. ശംഭു, ചിറക്കര പഞ്ചായത്ത് സെക്രട്ടറി കെ.പി. അനിലകുമാരി, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് ജീവനക്കാർ എന്നിവർ പങ്കെടുത്തു.